സഞ്ജുവും വിഷ്ണുവും പിന്നെ രോഹനും, റൺ മഴ പെയ്യിച്ച് ആവേശപ്പോരാട്ടം

Newsroom

Picsart 25 08 16 00 17 24 149
Download the Fanport app now!
Appstore Badge
Google Play Badge 1

വരാനിരിക്കുന്ന പൂരത്തിൻ്റെ വിളംബരമായി, കെസിഎ സെക്രട്ടറി ഇലവനും കെസിഎ പ്രസിഡൻസ് ഇലവനും തമ്മിലുള്ള പോരാട്ടം. കെസിഎൽ താരങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച മല്സരം ആദ്യാവസാനം കാണികളെ ആവേശത്തിലാഴ്ത്തി. കളിയുടെ ആദ്യ ഇന്നിങ്സിൽ രോഹൻ കുന്നുമ്മലായിരുന്നു തിളങ്ങിയതെങ്കിൽ മറുപടി ബാറ്റിങ്ങിൽ വിഷ്ണു വിനോദിൻ്റെയും സഞ്ജു സാംസൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കെസിഎ സെക്രട്ടറി ഇലവന് വിജയമൊരുക്കിയത്. മഴ മാറി നിന്ന സന്ധ്യയിൽ റൺമഴ പെയ്യിച്ച് കളം നിറയുകയായിരുന്നു ഇരു ടീമിലെയും താരങ്ങൾ.

1000245474

മുൻനിര നിറം മങ്ങിയപ്പോൾ, കെസിഎ പ്രസിഡൻസ് ഇലവൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത് രോഹൻ കുന്നുമ്മലിൻ്റെ ഇന്നിങ്സായിരുന്നു. മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും അഹ്മദ് ഇമ്രാനും, അബ്ദുൾ ബാസിദും സച്ചിൻ സുരേഷും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. വലിയൊരു തക‍ർച്ചയുടെ ഘട്ടത്തിൽ നിന്ന് ടീമിനെ കരകയറ്റിയത് രോഹൻ്റെ ഇന്നിങ്സാണ്. ഒരുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും കൂറ്റൻ ഷോട്ടുകളുമായി റൺ റേറ്റ് താഴാതെ ഇന്നിങ്സ് മുന്നോട്ട് നീക്കി. വെറും 29 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സും അടക്കമാണ് രോഹൻ 60 റൺസ് നേടിയത്. കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിൻ്റെ ക്യാപ്റ്റനായ രോഹന് കീഴിൽ, കഴിഞ്ഞ തവണ ടീം ഫൈനൽ വരെ മുന്നേറിയിരുന്നു. ആദ്യ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിലൊരാളും രോഹനായിരുന്നു.

മറുപടി ബാറ്റിങ്ങിൽ വിഷ്ണു വിനോദ് നല്കിയ തകർപ്പൻ തുടക്കമാണ് കെസിഎ സെക്രട്ടറി ഇലവൻ്റെ വിജയത്തിൽ നിർണ്ണായകമായത്. തുടക്കം മുതൽ കൂറ്റൻ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു വിഷ്ണു വിനോദ്. 29 പന്തുകളിൽ ഏഴ് ഫോറും അഞ്ച് സിക്സുമടക്കം 69 റൺസാണ് വിഷ്ണു നേടിയത്. കേരള ക്രിക്കറ്റിൽ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റർമാരിലൊരാളായാണ് വിഷ്ണു വിലയിരുത്തപ്പെടുന്നത്.നിശ്ചിത ഓവർ ഫോർമാറ്റുകളിൽ കേരള ടീമിലെ സ്ഥിര സാന്നിധ്യമായ വിഷ്ണു ഐപിഎല്ലിൽ അഞ്ച് ടീമുകളുടെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ കെസിഎൽ സീസണിൽ ഏറ്റവും മികച്ച സ്ട്രൈക് റേറ്റ് വിഷ്ണുവിൻ്റേതായിരുന്നു. റൺവേട്ടയിൽ ആദ്യ മൂന്ന് സ്ഥാനക്കാരിലൊരാളും വിഷ്ണു ആയിരുന്നു. ഇത്തവണ ഏരീസ് കൊല്ലം സെയിലേഴ്സിന് വേണ്ടിയാണ് വിഷ്ണു കളിക്കാനിറങ്ങുക.

വിഷ്ണു പുറത്തായതോടെ തക‍ർച്ചയിലേക്ക് വഴുതിയ ഇന്നിങ്സിനെ വിജയത്തിലേക്ക് എത്തിച്ചത് സഞ്ജു സാംസൻ്റെ സമചിത്തതയോടെയുള്ള ഇന്നിങ്സാണ്. കൂറ്റൻ ഷോട്ടുകൾ പായിച്ച സഞ്ജു, വിക്കറ്റ് നഷ്ടപ്പെടുത്താതെ ഒരറ്റത്ത് നിലയുറപ്പിക്കുകയും ചെയ്തു. 36 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 54 റൺസെടുത്ത സഞ്ജു ടീമിനെ വിജയത്തിൻ്റെ പടിവാതിൽക്കലെത്തിച്ചാണ് മടങ്ങിയത്. ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജുവാണ് കെസിഎൽ രണ്ടാം സീസണിലെ മുഖ്യ ആക‍ർഷണങ്ങളിൽ ഒന്ന്. റെക്കോഡ് തുകയായ 26.80 ലക്ഷം രൂപയ്ക്കായിരുന്നു കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്. ലീ​ഗിൽ തുട‍ർന്നും തക‍ർപ്പൻ ഇന്നിങ്സുകൾ കാഴ്ച വയ്ക്കാനുള്ള ഫോമിലാണ് താനെന്ന് തെളിയിക്കുകയായിരുന്നു പരിശീലന മല്സരത്തിലൂടെ സഞ്ജു.