വെസ്റ്റ് ഇൻഡീസിന് ചരിത്ര വിജയം; പാകിസ്താനെതിരായ പരമ്പര 2-1ന് സ്വന്തമാക്കി

Newsroom

Picsart 25 08 13 10 45 38 920
Download the Fanport app now!
Appstore Badge
Google Play Badge 1


ട്രിനിഡാഡ്: പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തിൽ 202 റൺസിൻ്റെ തകർപ്പൻ ജയത്തോടെ വെസ്റ്റ് ഇൻഡീസിന് ചരിത്ര പരമ്പര വിജയം. 30 വർഷത്തിലേറെയായി പാക്കിസ്ഥാനെതിരെ ഏകദിന പരമ്പര നേടാൻ കഴിയാതിരുന്ന വിൻഡീസ്, മൂന്നാം മത്സരത്തിൽ സന്ദർശകരെ നിലംപരിശാക്കിയാണ് പരമ്പര 2-1ന് സ്വന്തമാക്കിയത്.

1000243831


ജയത്തിന് 295 റൺസ് വേണ്ടിയിരുന്ന പാക്കിസ്ഥാൻ, ജയ്ഡൻ സീൽസിൻ്റെ തീപാറുന്ന ബോളിങ്ങിന് മുന്നിൽ 92 റൺസിന് ഓൾ ഔട്ടായി. സീൽസ് 18 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റുകൾ വീഴ്ത്തി. പാക്കിസ്ഥാൻ്റെ ടോപ് ഓർഡറിനെ തകർത്ത സീൽസ്, മൂന്ന് ഓവറിനുള്ളിൽ തന്നെ സൈം അയൂബ്, അബ്ദുള്ള ഷഫീഖ്, മുഹമ്മദ് റിസ്വാൻ എന്നിവരെ പുറത്താക്കി. തുടർന്ന് ബാബർ അസമിനെ 9 റൺസിൽ മടക്കി അയച്ചതോടെ പാക്കിസ്ഥാൻ 8-3 എന്ന നിലയിലായി. പിന്നീട് തിരിച്ചുവരവ് സാധ്യമാകാതെ അവർ 24.1 ഓവറിൽ ഓൾ ഔട്ടായി. ഗുഡകേഷ് മോട്ടീ 2 വിക്കറ്റും റോസ്റ്റൺ ചേസ് റൺ ഔട്ടിലൂടെ ഒരു വിക്കറ്റും നേടി.


നേരത്തെ, ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് നായകൻ ഷായ് ഹോപ്പിൻ്റെ തകർപ്പൻ സെഞ്ചുറിയുടെ (120 നോട്ടൗട്ട്) പിൻബലത്തിൽ 294-6 എന്ന കൂറ്റൻ സ്കോർ നേടി. ജസ്റ്റിൻ ഗ്രീവ്സ് 24 പന്തിൽ 43 റൺസടിച്ച് ഹോപ്പിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് അവസാന ഓവറുകളിൽ 110 റൺസ് കൂട്ടിച്ചേർത്തു. റോസ്റ്റൺ ചേസിൻ്റെ 36 റൺസും നിർണായകമായി. ഷായ് ഹോപ്പിൻ്റെ 18-ാം ഏകദിന സെഞ്ചുറിയാണിത്. ഇതോടെ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സെഞ്ചുറികൾ നേടുന്ന വെസ്റ്റ് ഇൻഡീസ് താരങ്ങളിൽ ബ്രയാൻ ലാറയ്ക്കും ക്രിസ് ഗെയിലിനും പിന്നിൽ മൂന്നാം സ്ഥാനത്തെത്താനും ഹോപ്പിനായി.