ലണ്ടൻ: ഇംഗ്ലണ്ട് വിങ്ങറായ ജാക്ക് ഗ്രീലിഷ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് എവർട്ടണിലേക്ക് ഒരു വർഷത്തെ ലോൺ കരാറിൽ ചേരാനൊരുങ്ങുന്നു. 29-കാരനായ താരം എവർട്ടൺ മാനേജർ ഡേവിഡ് മോയസിന്റെ കീഴിൽ കളിക്കാൻ താൽപ്പര്യം അറിയിച്ചിരുന്നു. താരം മെഡിക്കൽ പൂർത്തിയാക്കാനായി ഇന്ന് മാഞ്ചസ്റ്ററിലെത്തും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവായിരുന്ന ഗ്രീലിഷിന് കരിയർ വീണ്ടെടുക്കാനും കൂടുതൽ മത്സരങ്ങൾ കളിക്കാനും ഈ നീക്കം സഹായകമാകും. കഴിഞ്ഞ പ്രീമിയർ ലീഗിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് ഗ്രീലിഷിന് ആദ്യ ഇലവനിൽ സ്ഥാനം ലഭിച്ചത്. കൂടാതെ ക്ലബ്ബ് ലോകകപ്പ് ഉൾപ്പെടെയുള്ള പ്രധാന സ്ക്വാഡുകളിൽ നിന്നും താരം പുറത്തായിരുന്നു.
ഗ്രീലിഷിന്റെ £300,000 പ്രതിവാര വേതനത്തിൽ £90,000 എവർട്ടൺ നൽകും, ബാക്കി തുക മാഞ്ചസ്റ്റർ സിറ്റിയാണ് വഹിക്കുക. താരത്തിന്റെ പ്രകടനത്തെ ആശ്രയിച്ച് സീസണിന്റെ അവസാനം ഗ്രീലിഷിനെ പൂർണ്ണമായും സ്വന്തമാക്കാൻ എവർട്ടണിന് അവസരമുണ്ടാകും. പുതിയ പ്രീമിയർ ലീഗ് സീസണിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്താനുള്ള എവർട്ടൺ മാനേജ്മെന്റിന്റെ വലിയൊരു നീക്കമാണിത്. 2026-ലെ ലോകകപ്പ് ടീമിൽ ഇടം നേടാൻ ഗ്രീലിഷിനെ ഈ മാറ്റം സഹായിക്കുമെന്നാണ് വിലയിരുത്തൽ.