പാരീസ്: യുവേഫ സൂപ്പർ കപ്പ് ഫൈനലിൽ ടോട്ടൻഹാം ഹോട്ട്‌സ്പർസിനെതിരെ നിർണായക പോരാട്ടത്തിനൊരുങ്ങുന്ന പിഎസ്ജിക്ക് വലിയ തിരിച്ചടി. മധ്യനിര താരം ജോവോ നെവെസിന് സസ്‌പെൻഷൻ ലഭിച്ചതിനാൽ ഫൈനലിൽ കളിക്കില്ല. ഫിഫ ക്ലബ് ലോകകപ്പിൽ ചെൽസിക്കെതിരായ മത്സരത്തിൽ ചുവപ്പ് കാർഡ് ലഭിച്ചതാണ് ഈ വിലക്കിന് കാരണം. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ മാർക്ക് കുക്കറെയുറെ മുടിയിൽ പിടിച്ചതിനായിരുന്നു നെവെസിന് ചുവപ്പ് കാർഡ് ലഭിച്ചത്.
ഇതേത്തുടർന്ന് രണ്ട് മത്സരങ്ങളിൽ താരത്തിന് വിലക്ക് ലഭിച്ചു. കഴിഞ്ഞ സീസണിൽ പിഎസ്ജിക്ക് വേണ്ടി 52 മത്സരങ്ങളിൽ കളിച്ച നെവെസ്, ടീമിന്റെ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചിരുന്നു. നെവെസിന്റെ അഭാവം കോച്ച് ലൂയിസ് എൻറിക്വയെ തന്ത്രങ്ങൾ മാറ്റാൻ നിർബന്ധിതനാക്കും. നെവെസിന് പകരം യുവതാരം വാറൻ സെയർ-എമറിക്ക് നറുക്കുവീഴാനാണ് സാധ്യത. കാർലോസ് സോളർ, സെനി മയൂലു, റെനാറ്റോ സാഞ്ചസ് എന്നിവരെയും പിഎസ്ജി പരിഗണിക്കുന്നുണ്ട്.