തങ്ങളുടെ അവസാന പ്രീ സീസൺ മത്സരമായ എമിറേറ്റ്‌സ് കപ്പ് ഫൈനലിൽ അത്ലറ്റിക് ക്ലബിനെ എമിറേറ്റ്‌സ് സ്റ്റേഡിയത്തിൽ 3-0 നു തോൽപ്പിച്ചു ആഴ്‌സണൽ. തങ്ങളുടെ മികവിലേക്ക് ആഴ്‌സണൽ ഉയർന്ന മത്സരത്തിൽ 34 മത്തെ മിനിറ്റിൽ ആണ് ആദ്യ ഗോൾ പിറന്നത്. മാർട്ടിൻ സുബിമെന്റിയുടെ ക്രോസിൽ നിന്നു ഉഗ്രൻ ഒരു ഹെഡറിലൂടെ വിക്ടർ ഗ്യോകെറസ് ആണ് ആർട്ടെറ്റയുടെ ടീമിന് മുൻതൂക്കം നൽകിയത്. ടീമിൽ ചേർന്ന ശേഷം സ്വീഡിഷ് താരം ക്ലബിന് ആയി നേരിടുന്ന ആദ്യ ഗോൾ ആയിരുന്നു ഇത്.
2 മിനിറ്റിനുള്ളിൽ ഒരു വേഗതയേറിയ കൗണ്ടറിൽ നിന്നു ഗ്യോകെറസ് മറിച്ചു നൽകിയ പന്ത് മാർട്ടിനെല്ലി സാകക്ക് നൽകി തുടർന്ന് ഈ നീക്കം തടയാൻ ആയി കയറി വന്ന ഉനയ് സൈമണിനെ മറികടന്നു വലത് കാലൻ അടിയിലൂടെ ഗോളാക്കി മാറ്റിയ ബുകയോ സാക ആഴ്‌സണലിന് രണ്ടാം ഗോളും സമ്മാനിച്ചു. രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ ആണ് ആഴ്‌സണൽ തുറന്നത്. ഇടക്ക് മദുയെക്കയുടെ ക്രോസിൽ നിന്നു ഗ്യോകെറസിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു. 82 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടറിൽ നിന്നു സാകയുടെ പാസിൽ നിന്നു ഗോൾ നേടിയ കായ് ഹാവർട്സ് ആഴ്‌സണൽ ജയം പൂർത്തിയാക്കുക ആയിരുന്നു. സ്വന്തം പകുതിയിൽ നിന്നു ഗോൾ വരെ പന്തുമായി ഓടിയ ശേഷം ഉഗ്രൻ ഷോട്ടിലൂടെ ഹാവർട്സ് ഈ ഗോൾ നേടുക ആയിരുന്നു.