മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർതാരം റോഡ്രി വീണ്ടും പരിക്കിന്റെ പിടിയിൽ. കഴിഞ്ഞ സീസണിൽ കാൽമുട്ടിന് ഗുരുതരമായി പരിക്കേറ്റ് ഏറെക്കാലം കളിക്കളത്തിൽ നിന്ന് വിട്ടുനിന്ന റോഡ്രിക്ക്, ക്ലബ്ബ് ലോകകപ്പിൽ അൽ ഹിലാലിനെതിരായ മത്സരത്തിലാണ് വീണ്ടും പരിക്കേറ്റതെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒരാഴ്ചയായി പരിശീലനത്തിൽ പുരോഗതി കാണിക്കുന്നുണ്ടെങ്കിലും, താരത്തിന് അന്താരാഷ്ട്ര മത്സരങ്ങൾക്ക് ശേഷം മാത്രമേ പൂർണ്ണമായി കളിക്കളത്തിലേക്ക് മടങ്ങിയെത്താൻ കഴിയൂ. അതിനാൽ, സെപ്റ്റംബർ പകുതിയോടെ മാത്രമേ റോഡ്രിയെ ടീമിൽ പ്രതീക്ഷിക്കേണ്ടതുള്ളൂ.
പരിക്കിന്റെ കാഠിന്യം വർധിക്കാതിരിക്കാൻ തിടുക്കത്തിൽ മടങ്ങിയെത്തുന്നത് ഒഴിവാക്കണമെന്ന് ഗ്വാർഡിയോള പറഞ്ഞു.
മിഡ്ഫീൽഡർ മാറ്റിയോ കോവാച്ചിക്ക് ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾക്കും പരിക്കുള്ളതിനാൽ, സിറ്റി പുതിയ സൈനിംഗ് ടിജ്ജാനി റെയിൻഡേഴ്സിനെയും ക്യാപ്റ്റൻ ബെർണാഡോ സിൽവയെയും ആശ്രയിക്കും.
കഴിഞ്ഞ സീസണിലെ കിരീടമില്ലാത്ത പ്രകടനത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സിറ്റിക്ക് റോഡ്രിയുടെ അഭാവം വലിയ വെല്ലുവിളിയാണ്.