ലോക ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് (WCL) 2025 സെമിഫൈനലിൽ പാകിസ്ഥാൻ ചാമ്പ്യൻസ് ടീമിനെതിരെ കളിക്കേണ്ടതില്ലെന്ന് ഇന്ത്യ ചാമ്പ്യൻസ് ഔദ്യോഗികമായി തീരുമാനിച്ചു. ഇതോടെ അവർ ഈ മത്സരം ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യയിൽ നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഇന്ത്യ ഈ തീരുമാനം എടുത്തത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തിൽ ഇതേ എതിരാളികൾക്കെതിരെയും അവർ കളിച്ചിരുന്നില്ല.
വെസ്റ്റ് ഇൻഡീസ് ചാമ്പ്യൻസിനെ 13.2 ഓവറിൽ തകർത്ത് ഇന്ത്യ നോക്കൗട്ടിലേക്ക് യോഗ്യത നേടിയെങ്കിലും, നിർണായകമായ ഈ ഘട്ടത്തിലും അവരുടെ നിലപാടിൽ മാറ്റമുണ്ടായില്ല. സുരേഷ് റെയ്ന, ശിഖർ ധവാൻ തുടങ്ങിയ മുൻ ക്രിക്കറ്റ് താരങ്ങൾ പാകിസ്ഥാനെതിരെ കളിക്കാൻ വിസമ്മതിക്കുന്നതായി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ടൂർണമെന്റിന്റെ സ്പോൺസറായ EaseMyTripഉം തങ്ങളുടെ പിന്മാറ്റം പ്രഖ്യാപിച്ചിരുന്നു.
ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ടത്തിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവരോട് അവർക്ക് തോൽവി നേരിട്ടിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരായ വിജയത്തിന് മുമ്പ് പാകിസ്ഥാനെതിരായ ഉപേക്ഷിച്ച മത്സരത്തിൽ നിന്നാണ് അവർക്ക് ഏക പോയിന്റ് ലഭിച്ചത്. ഇന്ത്യ കളിക്കാത്തത് കൊണ്ട് പാകിസ്താനെ വിജയികളായി പ്രഖ്യാപിക്കുമോ എന്ന് കണ്ടറിയണം.