സ്വീഡിഷ് സ്‌ട്രൈക്കർ വിക്ടർ ഗ്യോകെറസ് ഇനി ആഴ്‌സണൽ താരം. താരത്തിന്റെ വരവ് അൽപ്പം മുമ്പ് ആഴ്‌സണൽ ഔദ്യോഗികമായി പ്രഖ്യാപിക്കുക ആയിരുന്നു. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണും ആയി നടത്തിയ ദീർഘകാലത്തെ ചർച്ചകൾക്ക് ഒടുവിൽ ആണ് ഏതാണ്ട് 64 മില്യൺ യൂറോ നൽകി താരത്തെ ആഴ്‌സണൽ സ്വന്തമാക്കുന്നത്. 5 വർഷത്തെ ദീർഘകാല കരാർ ആണ് താരം ആഴ്‌സണലിൽ ഒപ്പ് വെച്ചത്.
തിയറി ഒൻറി അണിഞ്ഞ വിഖ്യാതമായ 14 നമ്പർ ജേഴ്‌സി ആണ് ഗ്യോകെറസ് ആഴ്‌സണലിൽ അണിയുക. താരത്തിന്റെ വരവിൽ ക്ലബിന്റെ സന്തോഷം സ്പോർട്ടിങ് ഡയറക്ടർ ആന്ദ്രയ ബെർറ്റ വ്യക്തമാക്കി. അതേസമയം എപ്പോഴും ഗോൾ അടിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നു പറഞ്ഞ ഗ്യോകെറസ് ആഴ്‌സണൽ ജേഴ്‌സി അണിഞ്ഞു ഗോൾ അടിക്കുന്നത് അവിസ്മരണീയ അനുഭവം ആവും എന്നും വ്യക്തമാക്കി. തനിക്ക് യോജിച്ച ക്ലബ് ഇതാണെന്നും താരം വ്യക്തമാക്കി. നാളെ താരം സിംഗപ്പൂരിൽ ആഴ്‌സണൽ ടീമിന് ഒപ്പം പ്രീ സീസൺ ടൂറിൽ ചേരും എന്നാണ് റിപ്പോർട്ട്.