സബീന പാർക്കിൽ നടന്ന രണ്ടാം ടി20 ഐ മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഓസ്‌ട്രേലിയ പരമ്പരയിൽ ആധിപത്യം സ്ഥാപിച്ചു. ഇതോടെ 5 മത്സരങ്ങളടങ്ങിയ ടി20 ഐ പരമ്പരയിൽ ഓസ്‌ട്രേലിയ 2-0 ന് മുന്നിലെത്തി. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർ ജോഷ് ഇംഗ്ലിസിന്റെയും കാമറൂൺ ഗ്രീനിന്റെയും തകർപ്പൻ കൂട്ടുകെട്ടിന്റെ ബലത്തിൽ 15.2 ഓവറിൽ ലക്ഷ്യം കണ്ടു.
ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസിനെ 172/8 എന്ന സ്കോറിൽ ഒതുക്കി. വെസ്റ്റ് ഇൻഡീസിനായി അവസാന മത്സരം കളിക്കുന്ന ആന്ദ്രേ റസ്സൽ 15 പന്തിൽ 36 റൺസ് നേടി വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും, ഓസ്‌ട്രേലിയൻ ബൗളർമാർ മികച്ച അച്ചടക്കം പാലിച്ചു.
ബ്രണ്ടൻ കിംഗ് 51 റൺസെടുത്ത് മികച്ച അടിത്തറ പാകിയെങ്കിലും, കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി ആദം സാംപ 29 റൺസിന് 3 വിക്കറ്റ് നേടി തിളങ്ങി. ഗ്ലെൻ മാക്സ്‌വെല്ലും നഥാൻ എല്ലിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയക്ക് ഗ്ലെൻ മാക്സ്‌വെല്ലിനെയു. (12), ക്യാപ്റ്റൻ മിച്ചൽ മാർഷിനെയും (21) തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ വെസ്റ്റ് ഇൻഡീസിന്റെ തിരിച്ചുവരവിനുള്ള എല്ലാ പ്രതീക്ഷകളും അതിവേഗം അസ്തമിച്ചു.
ജോഷ് ഇംഗ്ലിസ് 33 പന്തിൽ ഏഴ് ഫോറുകളും അഞ്ച് സിക്‌സറുകളും സഹിതം 78 റൺസ് നേടി ഉജ്ജ്വല പ്രകടനം കാഴ്ചവെച്ചു. കാമറൂൺ ഗ്രീൻ 32 പന്തിൽ നാല് സിക്സറുകളടക്കം 56 റൺസെടുത്ത് പുറത്താകാതെ നിന്ന് ഇംഗ്ലിസിന് മികച്ച പിന്തുണ നൽകി. വെറും 59 പന്തിൽ 131 റൺസ് അടിച്ചുകൂട്ടിയ ഈ കൂട്ടുകെട്ട് വെസ്റ്റ് ഇൻഡീസ് ബൗളിംഗ് നിരയെ പൂർണ്ണമായി തകർത്തു.