നോർവീജിയൻ സെന്റർ ബാക്കായ ഐവിൻഡ് ഹെല്ലാൻഡിനെ ടീമിലെത്തിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം തുടങ്ങി. 20-കാരനായ ഈ യുവതാരത്തിന്റെ കളി നിരീക്ഷിക്കാൻ യുണൈറ്റഡ് പ്രതിനിധികൾ നോർവേയിലെ ബ്രാൻ-വൈക്കിംഗ് മത്സരം നേരിട്ട് കണ്ടതായാണ് റിപ്പോർട്ട്.

2022-ൽ ഫില്ലിങ്സ്ഡാലെനിൽ നിന്ന് സൗജന്യ ട്രാൻസ്ഫറിൽ ബ്രാനിലെത്തിയ ഹെല്ലാൻഡ്, പിന്നീട് ടീമിന്റെ പ്രതിരോധ നിരയിലെ പ്രധാന താരമായി മാറി. ഇതിനോടകം 37 സീനിയർ മത്സരങ്ങളിൽ നിന്ന് ഒരു ഗോളും ഒരു അസിസ്റ്റും ഈ യുവതാരം സ്വന്തമാക്കി. ചെറിയ പ്രായത്തിൽ തന്നെ കളിക്കളത്തിൽ ഹെല്ലാൻഡ് കാണിക്കുന്ന പക്വത യൂറോപ്പിലെ വമ്പൻ ക്ലബ്ബുകളുടെ ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.
ഭാവിയിലേക്ക് മുതൽക്കൂട്ടാവുന്ന താരങ്ങളെ ടീമിലെത്തിക്കുന്ന ഇനിയോസിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് ഹെല്ലാൻഡിനെ യുണൈറ്റഡ് കാണുന്നത്. ഏകദേശം 7 മില്യൺ പൗണ്ടിന് താരത്തെ സ്വന്തമാക്കാൻ കഴിയുമെന്നാണ് സൂചന.
നേരത്തെ മറ്റൊരു നോർവീജിയൻ താരമായ സ്വെറെ ഹാൽസെത്ത് നൈപനെ ടീമിലെത്തിക്കാൻ യുണൈറ്റഡ് ശ്രമിച്ചിരുന്നുവെങ്കിലും താരത്തെ സ്വന്തമാക്കിയത് മാഞ്ചസ്റ്റർ സിറ്റിയാണ്. അതുകൊണ്ട് തന്നെ ഹെല്ലാൻഡിനെ നഷ്ടപ്പെടുത്താൻ യുണൈറ്റഡ് തയ്യാറല്ല. വരും ആഴ്ച്ചകളിൽ യുണൈറ്റഡ് ഔദ്യോഗികമായി താരത്തെ സമീപിച്ചേക്കും.