ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) 2025-26 സീസണിന്റെ ഭാവി അനിശ്ചിതത്വത്തിലായതിനാൽ, വിദേശ കളിക്കാർക്ക് മറ്റ് അവസരങ്ങൾ തേടാൻ സ്വാതന്ത്ര്യം നൽകിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) ഫുട്ബോൾ സ്പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്‌എസ്‌ഡിഎൽ) തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണം ലീഗ് നിലവിൽ നിർത്തിവെച്ചിരിക്കുന്ന സാഹചര്യത്തിലാണ്, വിദേശ കളിക്കാരെ പ്രതിസന്ധിയിലാക്കാതിരിക്കാൻ ആണ് ക്ലബ്ബ് ഈ പ്രായോഗികമായ തീരുമാനമെടുത്തത്.

സ്‌പാനിഷ് സ്ട്രൈക്കർ ജീസസ് ജിമെനെസ് ഇതിനകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് വിട്ടു കഴിഞ്ഞു. പോളിഷ് ടോപ്-ഡിവിഷൻ ക്ലബ്ബായ ബ്രൂക്ക്-ബെറ്റ് ടെർമാലിക്ക നീസെസയിലേക്ക് അദ്ദേഹം ഇപ്പോൾ കൂടുമാറിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ താരങ്ങളായ ലൂണ, നോഹ, ലഗാറ്റോർ തുടങ്ങിയവർ എന്ത് തീരുമാനം എടുക്കും എന്ന് വ്യക്തമല്ല. ലീഗിന്റെ കാര്യത്തിൽ പെട്ടെന്ന് തീരുമാനം ആയില്ല എങ്കിൽ ഇവരും വിദേശ ക്ലബുകളിലേക്ക് പോകേണ്ടി വരും.
ഈസ്റ്റ് ബംഗാൾ, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, എഫ്‌സി ഗോവ തുടങ്ങിയ ചില ഐഎസ്‌എൽ ക്ലബ്ബുകൾ വിദേശ കളിക്കാരെ സൈൻ ചെയ്യുകയും വിസ നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്തിട്ടുണ്ടെങ്കിലും, നിലവിലുള്ള നിയമപരവും കരാർ സംബന്ധവുമായ സങ്കീർണ്ണതകൾക്കിടയിൽ കേരള ബ്ലാസ്റ്റേഴ്സ് കൂടുതൽ ജാഗ്രതയോടെയുള്ള സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എഐഎഫ്എഫ് ഭരണഘടനയെക്കുറിച്ചുള്ള സുപ്രീം കോടതി വിധി ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, കാര്യങ്ങളിൽ വ്യക്തത വരുന്നതുവരെ കളിക്കാരും സ്റ്റാഫും ക്ലബ്ബുകളും ഈ അനിശ്ചിതാവസ്ഥയിൽ തുടരും.