ഏഴു തവണ വിംബിൾഡൺ ചാമ്പ്യൻ ആയ ആറാം സീഡ് നൊവാക് ജ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഒന്നാം സീഡ് യാനിക് സിന്നർ വിംബിൾഡൺ ഫൈനലിൽ. തുടർച്ചയായ അഞ്ചാം തവണയാണ് സിന്നർ ജ്യോക്കോവിച്ചിനെ തോൽപ്പിക്കുന്നത്. മുമ്പ് റാഫേൽ നദാൽ മാത്രമാണ് ഈ നേട്ടം കൈവരിച്ച ഏക താരം. ഫെഡറർ, നദാൽ, മറെ എന്നിവർക്ക് ശേഷം കളിമണ്ണ്, പുൽ മൈതാനം, ഹാർഡ് കോർട്ട് എന്നീ മൂന്നു സർഫസുകളിലും ജ്യോക്കോവിച്ചിനെ തോൽപ്പിക്കുന്ന താരവുമായി സിന്നർ മാറി.
2 മണിക്കൂർ താഴെ സമയം കൊണ്ട് 6-3, 6-3, 6-4 എന്ന സ്കോറിന് അനായാസം ആണ് ജ്യോക്കോവിച്ചിനെ സിന്നർ തകർത്തത്. കരിയറിലെ അഞ്ചാം ഗ്രാന്റ് സ്ലാം ഫൈനൽ ആണ് സിന്നറിന് ഇത്, 2025 യു.എസ് ഓപ്പൺ ഫൈനലിന് ശേഷം തുടർച്ചയായ നാലാം ഗ്രാന്റ് സ്ലാം ഫൈനലും. ഫൈനലിൽ രണ്ടാം സീഡും നിലവിലെ ചാമ്പ്യനും ആയ അൽകാരസ് ആണ് സിന്നറിന്റെ എതിരാളി. 2008 ൽ ഫെഡറർക്കും നദാലിനും ശേഷം ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ ഫൈനലുകളിൽ ഒരേ താരങ്ങൾ ആണ് ഏറ്റുമുട്ടുന്നത് എന്നതും ഈ ഫൈനലിന്റെ പ്രത്യേകതയാണ്. റോളണ്ട് ഗാരോസിൽ ഓപ്പൺ യുഗത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ ഫൈനലിൽ ഏതാണ്ട് അഞ്ചര മണിക്കൂറിനു ശേഷം അൽകാരാസിന്റെ തിരിച്ചു വരവിൽ വീണ സിന്നർ സ്പാനിഷ് താരത്തോട് ഇത്തവണ പ്രതികാരം ചെയ്യുമോ എന്നത് ആണ് ചോദ്യം.