കഴിഞ്ഞ ഏപ്രിലിൽ കുഞ്ഞിന് ജന്മം നൽകിയ ശേഷമുള്ള കളിക്കളത്തിലേക്കുള്ള മടങ്ങിവരവിൽ വിംബിൾഡൺ സെമിഫൈനലിലേക്ക് മുന്നേറി സ്വിസ് താരം ബെലിന്ത ബെനചിച്. സീഡ് ചെയ്യാത്ത താരം ഏഴാം സീഡ് 17 കാരിയായ മിറ ആന്ദ്രീവയെ 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ 7-6, 7-6 എന്ന സ്കോറിന് ആണ് തോൽപ്പിച്ചത്. 2019 ലെ യു.എസ് ഓപ്പണിന് ശേഷം കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് സ്വിസ് താരത്തിന് ഇത്.
മകൾക്ക് ജന്മം നൽകിയ ശേഷം ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് തിരിച്ചു വന്ന ബെലിന്ത ഈ വർഷം തുടങ്ങിയത് 489 മത്തെ റാങ്കുകാരിയായാണ്. തുടർന്ന് റാങ്കിങ്ങിൽ വലിയ മുന്നേറ്റം ഉണ്ടാക്കി 35 മത്തെ റാങ്കുവരെയെത്തിയ മുൻ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് കൂടിയായ ബെലിന്ത ഏഴാം സീഡിനെ അട്ടിമറിച്ചു തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നു തന്നെയാണ് തെളിയിച്ചത്.