ഇറ്റാലിയൻ ഇതിഹാസ പ്രതിരോധ താരം ജോർജിയോ കിയേലിനി മേജർ ലീഗ് സോക്കർ ടീമായ എൽഎഎഫ്‌സിയുടെ സഹ ഉടമയായി. 2023 അവസാനത്തോടെ ക്ലബ്ബിൽ തന്റെ 22 വർഷത്തെ കളി ജീവിതം അവസാനിപ്പിച്ച മുൻ യുവന്റസ് നായകൻ, മാജിക് ജോൺസൺ, വിൽ ഫെറൽ തുടങ്ങിയ പ്രമുഖ വ്യക്തികൾക്കൊപ്പം ലോസ് ഏഞ്ചൽസ് ക്ലബ്ബിലെ പങ്കാളികളുടെ നിരയിൽ എത്തുകയാണ്.
എൽഎഎഫ്‌സിക്കായി 45 മത്സരങ്ങളിൽ കളിച്ചിട്ടുള്ള കിയേലിനി, 2024-ൽ യുവന്റസിലേക്ക് ഫുട്ബോൾ സ്ട്രാറ്റജി ഡയറക്ടറായി മടങ്ങുന്നതിന് മുമ്പ് ടീമിനൊപ്പം പ്ലെയർ ഡെവലപ്‌മെന്റ് കോച്ച് റോൾ വഹിച്ചിരുന്നു. അദ്ദേഹത്തിന്റെ പുതിയ സഹ ഉടമ എന്ന പങ്ക് യുവന്റസിലെ ദൈനംദിന ചുമതലകളെ ബാധിക്കില്ലെന്ന് ഇരു ക്ലബ്ബുകളും വ്യക്തമാക്കിയിട്ടുണ്ട്.
എൽഎഎഫ്‌സിയുമായുള്ള തന്റെ ആഴത്തിലുള്ള ബന്ധം കിയേലിനി വികാരനിർഭരമായ പ്രസ്താവനയിലൂടെ പങ്കുവെച്ചു. “മൂന്ന് വർഷം മുമ്പ് ഒരു കളിക്കാരനായി ഇവിടെയെത്തിയപ്പോൾ തന്നെ ഈ ക്ലബ്ബിന് എന്തോ പ്രത്യേകതയുണ്ടെന്ന് എനിക്ക് തോന്നി,” അദ്ദേഹം പറഞ്ഞു. “അസാധാരണരായ ആളുകൾ കെട്ടിപ്പടുത്തതും ഒരു സമൂഹം വീട് പോലെ ചേർത്തുപിടിക്കുന്നതുമായ ഒരു വലിയ ക്ലബ്ബാണിത്.” അദ്ദേഹം പറഞ്ഞു.