മുംബൈ: മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫോമിനെക്കുറിച്ചുള്ള ആശങ്കകൾക്ക് മറുപടി നൽകി മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. രോഹിത് പുറത്താകാതെ നേടിയ 76 റൺസിന്റെ മികവിൽ ഐപിഎൽ 2025ൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ഒമ്പത് വിക്കറ്റിന് തകർത്തതിന് പിന്നാലെയാണ് ഹാർദിക് രോഹിതിനെ പ്രശംസിച്ചത്.

“നിങ്ങൾ രോഹിത്തിന്റെ ഫോമിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. അവൻ ഇങ്ങനെയൊക്കെ തിരിച്ചുവരും. അവൻ ഫോമിലാകുമ്പോൾ എതിരാളികൾ കളിയിലേ ഉണ്ടാകില്ല എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.” ഹാർദിക് പറഞ്ഞു.
വെറും 15.4 ഓവറിൽ ഇന്നലെ മുംബൈ ലക്ഷ്യം മറികടന്നിരുന്നു. “എല്ലാവരും ഉത്തരവാദിത്വം ഏറ്റെടുത്ത് മുന്നോട്ട് വരുന്നുണ്ട്. ഞങ്ങൾ അടിസ്ഥാന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഞങ്ങൾ മാന്ത്രികമായ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുന്നില്ല, ലളിതമായ ക്രിക്കറ്റിൽ ഉറച്ചുനിൽക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
“പേസർമാർ റൺസ് വഴങ്ങിയെങ്കിലും 175 കുറഞ്ഞ സ്കോറാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു.” ഹാർദിക് പറഞ്ഞു.