കൊച്ചി: ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്ത് ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചിരുന്നു. നോഹ സദോയി മത്സരത്തിൽ നിർണായക പ്രകടനം കാഴ്ചവെച്ചു. ഒരു പെനാൽറ്റി നേടിക്കൊടുത്തതിന് പുറമെ, 35 വാര അകലെ നിന്ന് ഒരു ഇടങ്കാലൻ ഷോട്ടിലൂടെ തകർപ്പൻ ഗോളും നേടി.

അടുത്തിടെ താരത്തിനെതിരെ ഉയർന്ന വിമർശനങ്ങൾക്കുള്ള മറുപടി കൂടിയായിരുന്നു ഈ പ്രകടനം എന്ന് താരം പറഞ്ഞു. ഗോൾ നേടിയ ശേഷം നടത്തിയ ആഘോഷം ഇതിനായിരുന്നു എന്ന് നോഹ പറഞ്ഞു.
“എന്നെക്കുറിച്ച് പല തരത്തിലുള്ള നെഗറ്റീവ് വാർത്തകൾ വരുന്നുണ്ട്. ഞാൻ എന്നും ഒരു കേരള ബ്ലാസ്റ്റേഴ്സ് കളിക്കാരനാണ്, കളത്തിലിറങ്ങുമ്പോൾ ടീമിന് വേണ്ടി ഞാൻ എപ്പോഴും എന്റെ കഴിവിന്റെ പരമാവധി നൽകുമെന്നും എല്ലാവരെയും അറിയിക്കാൻ ഞാൻ ആഗ്രഹിച്ചു.” നോഹ പറഞ്ഞു.
ടീമിന്റെ കൂട്ടായ്മയെയും നോഹ പ്രശംസിച്ചു. “ഇന്ന് ഞങ്ങൾ ടീം വർക്ക് എന്താണെന്ന് കാണിച്ചു കൊടുത്തു. ആദ്യമായി എല്ലാവരും ഒരുപോലെ പ്രതിരോധിക്കുന്നതും ആക്രമിക്കുന്നതും ഞാൻ കണ്ടു. മൊത്തത്തിൽ മത്സരത്തിൽ മികച്ച മെന്റാലിറ്റി ടീം കീപ്പ് ചെയ്തു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ക്വാർട്ടർ ഫൈനലിൽ മോഹൻ ബഗാനെ നേരിടാൻ ഒരുങ്ങുന്നതിനെക്കുറിച്ചും നോഹ സംസാരിച്ചു. “മോഹൻ ബഗാനെതിരെ കളിക്കുന്നത് കഠിനമായിരിക്കും. അവരുടെ ബെഞ്ചിലുള്ള കളിക്കാർക്ക് പോലും ഏത് ടീമിലും ആദ്യ ഇലവനിൽ കളിക്കാൻ കഴിയും. ഞങ്ങൾ ആ മത്സരത്തിനായി നന്നായി തയ്യാറെടുക്കണം,” അദ്ദേഹം പറഞ്ഞു.