ജയ്പൂരിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനോട് രാജസ്ഥാൻ റോയൽസ് രണ്ട് റൺസിന് തോറ്റിരുന്നു. 181 റൺസ് പിന്തുടർന്ന രാജസ്ഥാന് 2 റൺസിന്റെ തോൽവി ആണ് ഏറ്റുവാങ്ങിയത്. സഞ്ജു സാംസണിന്റെ അഭാവത്തിൽ ടീമിനെ നയിച്ച റിയാൻ പരാഗ് 26 പന്തിൽ 39 റൺസ് നേടി എങ്കിലും വിജയത്തിലേക്ക് ടീമിനെ എത്തിക്കാൻ ആയില്ല.

“ഞാൻ ഈ പരാജയത്തിൽ എന്നെത്തന്നെ കുറ്റപ്പെടുത്തുന്നു. 19-ാം ഓവറിൽ ഞാൻ ആ കളി ഫിനിഷ് ചെയ്യേണ്ടതായിരുന്നു,” മത്സരം കഴിഞ്ഞ ശേഷം പരാഗ് പറഞ്ഞു.
അവസാന രണ്ട് ഓവറിൽ 20 റൺസ് വേണ്ടിയിരുന്നപ്പോൾ, 19-ാം ഓവറിൽ പ്രിൻസ് യാദവിനെതിരെ 11 റൺസ് നേടാൻ രാജസ്ഥാന് കഴിഞ്ഞു. ഇതോടെ അവസാന ഓവറിൽ 9 റൺസായി വിജയലക്ഷ്യം. എന്നാൽ ആവേശ് ഖാൻ മികച്ച രീതിയിൽ പന്തെറിഞ്ഞു, ആറ് റൺസ് മാത്രം വഴങ്ങി ടീമിനെ ജയത്തിൽ എത്തിച്ചു.
“ഞങ്ങൾക്ക് അവരെ 165-170 റൺസിൽ ഒതുക്കാൻ കഴിയുമെന്ന് കരുതിയിരുന്നു, പക്ഷേ ഞങ്ങൾ കൂടുതൽ റൺസ് വിട്ടുകൊടുത്തു,” അദ്ദേഹം പറഞ്ഞു.
റോയൽസ് ഇപ്പോൾ പോയിന്റ് പട്ടികയിൽ നാല് പോയിന്റുമായി എട്ടാം സ്ഥാനത്താണ്.