കാർലോസ് അൽക്കാരസും ഹോൾഗർ റൂണും തകർപ്പൻ സെമിഫൈനൽ പ്രകടനങ്ങളോടെ ബാഴ്സലോണ ഓപ്പൺ ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. അൽക്കാരസ് ഫ്രഞ്ച് താരം ആർതർ ഫിൽസിനെ 6-2, 6-4 എന്ന സ്കോറിന് അനായാസം തോൽപ്പിച്ച് ഈ സീസണിലെ കളിമൺ കോർട്ടിലെ അപരാജിത കുതിപ്പ് തുടർന്നു.

അതേസമയം റൂൺ റഷ്യയുടെ കാരൻ ഖച്ചാനോവിനെ 6-3, 6-2 എന്ന സ്കോറിന് കീഴടക്കി. ഒരാഴ്ച മുമ്പ് മോണ്ടി കാർലോയിൽ ഫിൽസിനെതിരെ കടുത്ത പോരാട്ടം നടത്തിയ അൽക്കാരസ് ഇത്തവണ കൂടുതൽ ആത്മവിശ്വാസത്തോടെ കളിച്ചു. ആദ്യ സെറ്റിൽ രണ്ടുതവണയും രണ്ടാം സെറ്റിൽ ഒരുതവണയും ബ്രേക്ക് നേടിയ അൽക്കാരസ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു.
2021 മുതൽ ടൂർണമെന്റിൽ തോൽവിയറിയാത്ത താരം സ്വന്തം കാണികൾക്ക് മുന്നിൽ മൂന്നാം കിരീടം നേടാനുള്ള അവസരത്തിലാണ് ഇപ്പോൾ.
അതേസമയം റൂൺ ഖച്ചാനോവിനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലോക റാങ്കിംഗിൽ 13-ാം സ്ഥാനത്തുള്ള ഡാനിഷ് താരം ഒരു ബ്രേക്ക് പോയിന്റ് പോലും നേരിടാതെ റഷ്യൻ താരത്തെ നാല് തവണ ബ്രേക്ക് ചെയ്തു.