പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സ് (സിഎസ്‌കെ) ഡെവോൺ കോൺവേയെ റിട്ടയർ ഔട്ട് ചെയ്ത അപ്രതീക്ഷിതമായ നീക്കത്തെ ചോദ്യം ചെയ്ത് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക്. ഏപ്രിൽ 8 ന് മുള്ളൻപൂരിലെ മഹാരാജ യാദവീന്ദ്ര സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് സംഭവം. കോൺവേ 49 പന്തിൽ 69 റൺസുമായി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്നു അപ്പോഴാണ് താരത്തെ റിട്ടയർ ചെയ്യിച്ചത്.

സിഎസ്‌കെക്ക് 13 പന്തിൽ 49 റൺസ് വേണമെന്നിരിക്കെ, കോൺവേയെ അപ്രതീക്ഷിതമായി റിട്ടയർ ഔട്ട് ചെയ്യുകയും പകരം രവീന്ദ്ര ജഡേജയെ ഇറക്കുകയും ചെയ്തു. ജഡേജ 5 പന്തിൽ 9 റൺസുമായി പുറത്താകാതെ നിന്നു. എന്നിരുന്നാലും, ഈ നീക്കം പാളിപ്പോവുകയും സിഎസ്‌കെ 18 റൺസിന് തോൽക്കുകയും ചെയ്തു.
മത്സരശേഷം സ്റ്റാർ സ്പോർട്സിൽ സംസാരിക്കവെ, മികച്ച രീതിയിൽ കളിക്കുകയും വലിയ ഷോട്ടുകൾ കളിക്കാൻ കഴിവുള്ളതുമായ ഒരു ബാറ്ററെ റിട്ടയർ ഔട്ട് ചെയ്യുന്നതിലെ യുക്തി തനിക്ക് മനസ്സിലാകുന്നില്ലെന്ന് ക്ലാർക്ക് പറഞ്ഞു. “69 റൺസെടുത്ത, അത്രയും സമയം ക്രീസിൽ ചെലവഴിച്ച ഒരു കളിക്കാരനെ നിങ്ങൾ റിട്ടയർ ചെയ്യുകയാണോ? നിങ്ങൾക്ക് സിക്സറുകൾ വേണമെന്ന് എനിക്കറിയാം, പക്ഷേ കോൺവേയ്ക്ക് സിക്സറുകൾ അടിക്കാൻ കഴിയില്ലെന്ന് ഇതിനർത്ഥമില്ല. ഈ തീരുമാനങ്ങൾ വിലയിരുത്തുന്നത് മത്സരഫലത്തെ അടിസ്ഥാനമാക്കിയാണ്, ഈ സാഹചര്യത്തിൽ അത് ഫലം കണ്ടില്ല,” ക്ലാർക്ക് പറഞ്ഞു.