സെലെസ്റ്റിയൽ ട്രോഫിയിൽ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ 65 റൺസിന്റെ മികച്ച വിജയവുമായി സെഞ്ച്വറി ക്രിക്കറ്റ് ക്ലബ്. ഇന്ന് സ്ട്രൈക്കേഴ്സ് സിസിയ്ക്കെതിരെ ആയിരുന്നു സെഞ്ച്വറിയുടെ വിജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സെഞ്ച്വറി 26 ഓവറിൽ 207/7 എന്ന സ്കോറാണ് നേടിയത്. സ്ട്രൈക്കേഴ്സിനെ 22.5 ഓവറിൽ 142 റൺസിന് എറിഞ്ഞിട്ടാണ് സെഞ്ച്വറി വിജയം കുറിച്ചത്.
64/4 എന്ന നിലയിലായിരുന്ന സെഞ്ച്വറിയെ ഉണ്ണി കൃഷ്ണന് – അദ്വൈത് സജിത് കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. അദ്വൈത് 37 റൺസും ഉണ്ണി കൃഷ്ണന് പുറത്താകാതെ 66 റൺസുമാണ് നേടിയത്. സ്ട്രൈക്കേഴ്സിന് വേണ്ടി കെഎസ് ശരത് മൂന്ന് വിക്കറ്റ് നേടി.
സ്ട്രൈക്കേഴ്സിന് വേണ്ടി അനന്തു സുരേഷ് 53 പന്തിൽ 65 റൺസ് നേടിയപ്പോള്‍ 23 റൺസ് നേടിയ വിശാഖ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍.
സെഞ്ച്വറിയ്ക്ക് വേണ്ടി ആസിഫ് സലാം 4 ഓവറിൽ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ വെറും 6 റൺസിന് അഞ്ച് വിക്കറ്റ് നേടി. മൂന്ന് വിക്കറ്റ് നേടിയ ഉണ്ണി കൃഷ്ണന് തന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ ബലത്തിൽ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.