കോഴിക്കോട്: ഐ ലീഗിൽ ഗോകുലം കേരളക്ക് തോൽവി. ഇന്ന് സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഷില്ലോങ് ലജോങ് എഫ്.സിയോടായിരുന്നു ഗോകുലം തോൽവി വഴങ്ങിയത്. ആവേശം അലതല്ലിയ മത്സരത്തിൽ 3-4 എന്ന സ്‌കോറിനായിരുന്നു മലബാറിയൻസിന്റെ തോൽവി.

മത്സരത്തിന്റെ ഒൻപതാം മിനുട്ടിൽ താബിസോ ബ്രൗണിന്റെ ഗോളിൽ ഗോകുലം മുന്നിലെത്തിയെങ്കിലും പിന്നീട് അടിയും തിരിച്ചടിയുമായി മത്സരത്തിലുടനീളം ഗോളുകളായിരുന്നു. അധികം വൈകാതെ ഗോൾ മടക്കി ലജോങ് മത്സരത്തിലേക്ക് തിരിച്ചു വന്നു. 14ാം മിനുട്ടിൽ ഫ്രാങ്കി ബുവാമിലൂടെ ഗോൾ മടക്കി മത്സരം സമനിലയിലാക്കി. മത്സരം സമനിലയിലായതോടെ ഇരു ടീമുകൾക്കും ആവേശം വർധിച്ചു. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി മത്സരം സമനിലയിലാക്കി.
രണ്ടാം പകുതിയിലായി ബാക്കി ഗോളുകളെല്ലാം പിറന്നത്. 50ാം മിനുട്ടിൽ ബൗമ വീണ്ടും ഗോൾ നേടി ലജോങ്ങിനെ മുന്നിലെത്തിച്ചു. എന്നാൽ അധികം വൈകാതെ താബിസോ ബ്രൗണിന്റെ ഗോളിൽ ഗോകുലം സമനില പിടിച്ചു. 85ാം മിനുട്ടിൽ ലജോങ് മൂന്നാം ഗോളും നേടി ഗോകുലത്തെ സമ്മർദത്തിലാക്കി. എന്നാൽ പകരക്കാരനായി കളത്തിലെത്തി മഷൂർ ഷരീഫിലൂടെ ഗോൾ നേടി ഗോകുലം വീണ്ടും സമനില പിടിച്ചു. 88ാം മിനുട്ടിലായിരുന്നു മഷൂറിന്റെ ഗോൾ പിറന്നത്. എന്നാൽ മത്സരത്തിന്റെ അവസാന മിനുട്ടിൽ ഗോകുലത്തിന്റെ ബോക്‌സിന് മുന്നിൽ നിന്ന് ലഭിച്ച ഫ്രീ കിക്ക് വലയിലാക്കിയതോടെ ലജോങ് ജയിച്ചു കയറുകയായിരുന്നു. പിന്നീട് ഗോൾ തിരിച്ചടിക്കാൻ മലബാറിയൻസിന് സമയം ലഭിക്കാതിരുന്നതോടെ ലജോങ്ങിനോട് തോൽവി വഴങ്ങുകയായിരുന്നു.
17 മത്സരത്തിൽനിന്ന് 25 പോയിന്റുള്ള ഗോകുലം പട്ടികയിൽ ആറാം സ്ഥാനത്തേക്കിറങ്ങി. മാർച്ച് ഒൻപതിന് എവേ മത്സരത്തിൽ രാജ്സ്ഥാൻ യുനൈറ്റഡിനെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.