രഞ്ജി ട്രോഫി; കേരളത്തിന് എതിരെ ജമ്മു 180/3 എന്ന നിലയിൽ

Newsroom

Salman Nizar Kerala
Download the Fanport app now!
Appstore Badge
Google Play Badge 1

പൂനെ : രഞ്ജി ട്രോഫി ക്രിക്കറ്റിൽ ജമ്മു കശ്മീരിനെതിരെ ശക്തമായി തിരിച്ചു വന്ന് കേരളം. ഒരു റണ്ണിൻ്റെ നിർണ്ണായക ലീഡ് സ്വന്തമാക്കിയ കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 281 റൺസിന് അവസാനിച്ചു.തുടർച്ചയായ രണ്ടാം മല്സരത്തിലും സെഞ്ച്വറി നേടിയ സൽമാൻ നിസാറിൻ്റെ പ്രകടനമാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീർ കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റിന് 180 റൺസെന്ന നിലയിലാണ്.

ആദ്യ സെഷനിൽ കണ്ട കേരളത്തിൻ്റെ അതിശയകരമായ തിരിച്ചുവരവായിരുന്നു മൂന്നാം ദിവസത്തെ കളിയുടെ സവിശേഷത. ഒൻപത് വിക്കറ്റിന് 200 റൺസെന്ന നിലയിൽ കളി തുടങ്ങിയ കേരളത്തിന് ലീഡെന്ന സ്വപ്നം വളരെ അകലെയായിരുന്നു. എന്നാൽ അസംഭവ്യമെന്ന് കരുതിയത് യാഥാർഥ്യമാക്കുകയായിരുന്നു സൽമാൻ നിസാറും ബേസിൽ തമ്പിയും ചേർന്ന്.ഇരുവരും ചേർന്ന് 81 റൺസാണ് അവസാന വിക്കറ്റിൽ കൂട്ടിച്ചേർത്തത്. പരമാവധി പന്തുകൾ സ്വയം നേരിട്ട്, നിശ്ചയദാർഢ്യത്തോടെയുള്ള സൽമാൻ്റെ പ്രകടനമാണ് കേരളത്തിന് നിർണ്ണായക ലീഡ് സമ്മാനിച്ചത്. മറുവശത്ത് ബേസിൽ തമ്പി സൽമാന് മികച്ച പിന്തുണ നല്കി.12 ഫോറും നാല് സിക്സുമടക്കം 112 റൺസുമായി സൽമാൻ പുറത്താകാതെ നിന്നു . 35 പന്തുകളിൽ 15 റൺസെടുത്ത ബേസിൽ പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിന് അവസാനമായി. ലീഡ് നേടാനായതോടെ മല്സരം സമനിലയിൽ അവസാനിച്ചാൽ കേരളം സെമിയിലേക്ക് മുന്നേറും. കശ്മീരിന് വേണ്ടി ആക്വിബ് നബി ആറും യുധ്വീർ സിങ്ങും സാഹിൽ ലോത്രയും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ജമ്മു കശ്മീരിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. രണ്ട് റൺസെടുത്ത ശുഭം ഖജൂരിയയെയും 16 റൺസെടുത്ത യാവർ ഹസ്സനെയും പുറത്താക്കി എം ഡി നിധീഷാണ് കേരളത്തിന് മുൻതൂക്കം സമ്മാനിച്ചത്. ക്യാപ്റ്റൻ പരസ് ദോഗ്രയും വിവ്രാന്ത് ശർമ്മയും ചേർന്ന 39 റൺസ് കൂട്ടുകെട്ടാണ് കശ്മീരിനെ കരകയറ്റിയത്. 37 റൺസെടുത്ത വിവ്രാന്ത് ശർമ്മയെ ബേസിൽ എൻ പി പുറത്താക്കിയെങ്കിലും തുടർന്നെത്തിയ കനയ്യ വാധ്വാൻ ക്യാപ്റ്റന് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 102 റൺസ് കൂട്ടിച്ചേർത്ത് കഴിഞ്ഞു. കളി നിർത്തുമ്പോൾ പരസ് ജോഗ്ര 73 ഉം കനയ്യ വാധ്വാൻ 42ഉം റൺസെടുത്ത് ക്രീസിൽ തുടരുകയാണ്.