വയനാട്: സി.കെ നായിഡു ട്രോഫിയില്‍ വരുണ്‍ നയനാരിന് പിന്നാലെ കാമില്‍ അബൂബക്കറിനും സെഞ്ച്വറി. തമിഴ്‌നാടിനെതിരെ കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ രണ്ടാം ദിനമാണ് കാമില്‍ സെഞ്ച്വറി സ്വന്തമാക്കിയത്. 243 പന്തില്‍ നിന്ന് 15 ഫോര്‍ ഉള്‍പ്പെടെയാണ് 102 റണ്‍സ് കരസ്ഥമാക്കിയത്. ആറാമനായി ഇറങ്ങിയ രോഹന്‍ നായര്‍(59) അര്‍ദ്ധ സെഞ്ച്വറിയും നേടി. വരുണിന്റെയും കാമിലിന്റെയും സെഞ്ച്വറി മികവിലാണ് കേരളം 337 എന്ന ഭേദപ്പെട്ട സ്‌കോറില്‍ എത്തിയത്. രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 199 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച കേരളം സ്‌കോര്‍ 337 ല്‍ എത്തിയപ്പോള്‍ ഓള്‍ഔട്ട് ആവുകയായിരുന്നു.
തുടക്കത്തില്‍ തന്നെ വരുണ്‍ നയനാരിനെ കേരളത്തിന് നഷ്ടമായി. ജി.ഗോവിന്ദിന്റെ പന്തില്‍ അജിതേഷിന് ക്യാച്ച് നല്‍കിയാണ് വരുണ്‍ മടങ്ങിയത്. പിന്നീട് എത്തിയ രോഹന്‍ നായരുമായി ചേര്‍ന്ന് കാമില്‍ കേരളത്തിന്റെ സ്‌കോര്‍ ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
കാമിലിനെ സച്ചിന്‍ രതി പുറത്താക്കിയാണ് സഖ്യം തകര്‍ത്തത്. പിന്നീട് സ്‌കോര്‍ 308 എത്തിയപ്പോള്‍ അഭിജിത്ത് പ്രവീണും(15) പുറത്തായി. പത്താമനായി ഇറങ്ങിയ പവന്‍ രാജിന്റെ വിക്കെറ്റടുത്താണ് തമിഴ്‌നാട് കേരളത്തിന്റെ ആദ്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.
കേരളത്തിന്റെ ആറ് വിക്കറ്റ് വീഴ്ത്തിയത് ജി.ഗോവിന്ദാണ്.ആദ്യ ദിനം രണ്ട് വിക്കറ്റെടുത്ത ഗോവിന്ദ് രണ്ടാം ദിനം നാല് വിക്കറ്റും കരസ്ഥമാക്കി. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്‌നാട് കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സെടുത്തിട്ടുണ്ട്. 33 റണ്‍സുമായി വിമല്‍ കുമാറും 18 റണ്‍സുമായി എസ്.ആര്‍ അതീഷുമാണ് ക്രീസില്‍.