പാരീസ് ഒളിമ്പിക്സിൽ ചരിത്രം എഴുതി ഇന്ത്യയുടെ മണിക ബത്ര. ഒളിമ്പിക്സിൽ വനിത സിംഗിൾസിൽ അവസാന പതിനാറിൽ എത്തുന്ന ആദ്യ ഇന്ത്യൻ താരമായി മണിക മാറി. റൗണ്ട് ഓഫ് 32 ൽ പോണ്ടിച്ചേരി സ്വദേശിയും ഇന്ത്യൻ വംശജയും ആയ 19 കാരി ഫ്രഞ്ച് താരം പ്രിതിക പാവാഡയെ ആണ് 18 സീഡ് ആയ മണിക തോൽപ്പിച്ചത്. മികച്ച സർവീസ് ഗെയിം ആണ് ഇന്ത്യൻ താരത്തിന്റെ ജയത്തിൽ നിർണായകമായത്.
12 സീഡ് ആയ ഫ്രഞ്ച് താരത്തിന് എതിരെ പ്രതീക്ഷിക്കാത്ത നിലയിലുള്ള ആധിപത്യം പുലർത്തിയ മണിക 4-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. ആദ്യ സെറ്റിലും മൂന്നാം സെറ്റിലും മികച്ച പോരാട്ടം കണ്ടെങ്കിലും രണ്ടും നാലും സെറ്റുകൾ മണിക ആധിപത്യം ആണ് കണ്ടത്. 11-9 നു ആദ്യ സെറ്റും 11-6 നു രണ്ടാം സെറ്റും നേടിയ മണിക മൂന്നാം സെറ്റിൽ 5 സെറ്റ് പോയിന്റുകൾ പാഴാക്കിയെങ്കിലും സെറ്റ് 11-9 നു നേടി. തുടർന്ന് നാലാം സെറ്റ് 11-7 നു നേടി മത്സരം സ്വന്തം പേരിലാക്കി ചരിത്രം എഴുതുക ആയിരുന്നു ഇന്ത്യൻ താരം.