ലിവർപൂൾ താരം തിയാഗോ അൽകാന്റ്ര വിരമിച്ചു. 33കാരനായ താരം പരിക്ക് കാരണം അവസാന സീസണുകളിൽ ഏറെ പ്രയാസപ്പെട്ടിരുന്നു. ആരോഗ്യ സാഹചര്യങ്ങൾ കൂടെ പരിഗണിച്ചാണ് താരം വിരമിക്കുന്നത്. ഈ സീസണോടെ തിയാഗോയുടെ ലിവർപൂളിലെ കരാർ അവസാനിച്ചിരുന്നു. അവസാന നാലു വർഷമായി ലിവർപൂളിനൊപ്പം ഉണ്ട്.
മുമ്പ് ബാഴ്സലോണയ്ക്കും ബയേണുൻ ഒപ്പം കളിച്ചിട്ടുണ്ട്. ലിവർപൂളിൽ എത്തിയത് മുതൽ പരിക്ക് ഇടക്കിടെ തിയാഗോയ്ക്ക് വില്ലനായിരുന്നു. 70 മത്സരങ്ങൾ മാത്രമെ ലിവർപൂളിനായി കളിച്ചിട്ടുള്ളൂ. ലിവർപൂളിനൊപ്പം ഒരു കമ്മ്യൂണിറ്റി ഷീൽഡും ഒരു എഫ് എ കപ്പും നേടിയിട്ടുണ്ട്.
ബയേൺ മ്യൂണിക്കിനൊപ്പം ജർമ്മൻ കപ്പും ബുണ്ടസ് ലീഗയും ചാമ്പ്യൻസ് ലീഗും അടക്കം 15 കിരീടങ്ങൾ താരം നേടിയിരുന്നു. ഒരു ട്രെബിൾ കിരീടവും ജർമ്മനിയിൽ നേടിയിട്ടുണ്ട്. ബാഴ്സയിൽ കരിയർ ആരംഭിച്ച ഈ സ്പാനിഷ് മജീഷ്യൻ സ്പെയിൻ ദേശീയ ടീമിനായി 46 തവണ ബൂട്ടണിഞ്ഞിട്ടുണ്ട്.