പനാമയെ എതിരില്ലാത്ത 5 ഗോളുകൾക്ക് തകർത്തു കൊളംബിയ കോപ്പ അമേരിക്ക സെമിഫൈനലിൽ പ്രവേശിച്ചു. കൊളംബിയൻ ആധിപത്യം കണ്ട മത്സരത്തിൽ ഇടക്ക് ചാൻസുകൾ ഉണ്ടാക്കിയെങ്കിലും പനാമക്ക് പിടിച്ചു നിൽക്കാൻ ആയില്ല. ഒരു ഗോൾ അടിക്കുകയും 2 ഗോളിന് വഴി ഒരുക്കുകയും ചെയ്ത ഹാമസ് റോഡ്രിഗസ് ഒരിക്കൽ കൂടി തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നു ഇന്ന് തെളിയിച്ചു. ഹാമസിന്റെ കോർണറിൽ നിന്നു ഹെഡർ ഗോളിലൂടെ ജോൺ കോർഡോബയാണ് കൊളംബിയൻ ഗോൾ വേട്ട ആരംഭിച്ചത്. തുടർന്ന് 15 മത്തെ മിനിറ്റിൽ ജോൺ അരിയാസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ഹാമസ് ലക്ഷ്യം കണ്ടു.
41 മത്തെ മിനിറ്റിൽ തന്റെ ത്രൂ ബോളിൽ നിന്നു ലൂയിസ് ഡിയാസിന് ഗോൾ അടിക്കാൻ കൂടി ഹാമസ് അവസരം ഉണ്ടാക്കി. ഇതോടെ കൊളംബിയ വലിയ ജയം ഏതാണ്ട് ഉറപ്പിച്ചു. രണ്ടാം പകുതിയിൽ മത്സരത്തിൽ നന്നായി കളിച്ച ഡാനിയേൽ മുനോസിന്റെ പാസിൽ നിന്നു റിച്ചാർഡ് റിയോസ് കൊളംബിയയുടെ നാലാം ഗോളും നേടി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ സാന്റിയാഗോ അരിയോസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ടു മിഗ്വേൽ ബോർഹയാണ് കൊളംബിയൻ ജയം പൂർത്തിയാക്കിയത്. നിലവിൽ പരാജയം അറിയാതെ കൊളംബിയയുടെ 27 മത്തെ മത്സരം ആണ് ഇത്. സെമിയിൽ ബ്രസീൽ, ഉറുഗ്വേ മത്സര വിജയിയെ ആണ് അവർ നേരിടുക.