യൂറോ കപ്പ് സെമിഫൈനലിൽ ഫ്രാൻസ് എത്തുമ്പോൾ ചെറിയൊരു കൗതുകത്തിനു ആണ് ഫുട്‌ബോൾ ലോകം സാക്ഷിയായത്. ഇത് വരെ ടൂർണമെന്റിൽ ഓപ്പൺ പ്ലെയിൽ നിന്നു ഒരു ഗോൾ പോലും നേടാതെയാണ് അവർ യൂറോയിൽ അവസാന നാലിൽ എത്തുന്നത്. ഇത് ചരിത്രത്തിൽ ആദ്യമായാണ് ഒരു ടീം ഇങ്ങനെ സെമിയിൽ എത്തുന്നത്. ക്വാർട്ടർ ഫൈനലിൽ ഗോൾ രഹിത സമനിലക്ക് ശേഷം പെനാൽട്ടി ഷൂട്ട് ഔട്ടിൽ ആണ് ഫ്രാൻസ് ജയം കാണുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഓസ്ട്രിയക്ക് എതിരെ സെൽഫ് ഗോൾ ബലത്തിൽ ജയിച്ച ഫ്രാൻസ് രണ്ടാം മത്സരത്തിൽ ഹോളണ്ടിനു എതിരെ ഗോൾ രഹിത സമനില വഴങ്ങി.
മൂന്നാം മത്സരത്തിൽ പോളണ്ടിനു എതിരെ 1-1 നു സമനില വഴങ്ങിയപ്പോൾ എംബപ്പെ ഗോൾ നേടിയത് പെനാൽട്ടിയിലൂടെ ആയിരുന്നു. പ്രീ ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തെ മറികടക്കാനും ഫ്രാൻസിന് സെൽഫ് ഗോൾ സഹായം വേണ്ടി വന്നു. നിലവിൽ ഇത് വരെ ടൂർണമെന്റിൽ 5 കളികളിൽ 2 സെൽഫ് ഗോളുകളും 1 പെനാൽട്ടി ഗോളും അടക്കം 3 ഗോളുകൾ ആണ് ഫ്രാൻസ് നേടിയത്. അതേസമയം ഒരേയൊരു ഗോൾ മാത്രമാണ് അവർ വഴങ്ങിയത് എന്നത് വില്യം സലിബയും ഉപമകാനോയും നയിക്കുന്ന ഫ്രാൻസ് പ്രതിരോധത്തിന്റെ ശക്തിയും കാണിക്കുന്നുണ്ട്. സെമിഫൈനലിൽ ടൂർണമെന്റിലെ ഏറ്റവും നല്ല ഫുട്‌ബോൾ കളിക്കുന്ന മികച്ച ടീം ആയ സ്‌പെയിൻ എതിരാളികൾ ആയി എത്തുമ്പോൾ ഫ്രാൻസ് കടന്നു കൂടുമോ എന്നു കണ്ട് തന്നെ അറിയാം.