ടി20 ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 176/7 എന്ന പൊരുതാവുന്ന സ്കോർ. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ പോയി എങ്കിലും ഇന്ത്യ മികച്ച രീതിയിൽ തിരിച്ചുവന്നു. തുടക്കത്തിൽ 9 റൺസ് എടുത്ത രോഹിത് ശർമ്മ, റൺ ഒന്നും എടുക്കാത്ത പന്ത്, 3 റൺസ് എടുത്ത സൂര്യകുമാർ എന്നിവരെ ഇന്ത്യക്ക് നഷ്ടമായി.
എന്നാൽ അതിനു ശേഷം വിരാട് കോഹ്ലിയും അക്സർ പട്ടേലും ചേർന്ന് ഇന്ത്യക്ക് ആയി നാലാം വിക്കറ്റിൽ നല്ല കൂട്ടുക്കെട്ട് പടുത്തു. അക്സർ പട്ടേൽ 14ആം ഓവറിൽ റണ്ണൗട്ട് ആകുന്നത് വരെ ആ കൂട്ടുകെട്ട് നീണ്ടു. അക്സർ പട്ടേൽ 31 പന്തിൽ നിന്ന് 47 റൺസ് എടുത്താണ് പുറത്തായത്. നാലു സിക്സും ഒരു ഫോറും അക്സറിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
അക്സർ പോയതിനു ശേഷം ദൂബെ ക്രീസിൽ എത്തി. കോഹ്ലി 48 പന്തിൽ നിന്ന് 50ൽ എത്തി. കോഹ്ലിയുടെ ഈ ലോകകപ്പിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്. അർധ സെഞ്ച്വറി നേടിയ ശേഷം കോഹ്ലി കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 58 പന്തിൽ 76 റൺസ് ആണ് കോഹ്ലി ആകെ എടുത്തത്. 2 സിക്സും 6 ഫോറും വിരാടിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.
ദൂബെയും 16 പന്തിൽ 27 റൺസിന്റെ ഇന്നിംഗ്സ് കൂടെ ആയതോടെ ഇന്ത്യ 170 കടന്നു.