യൂറോ കപ്പ് ഗ്രൂപ്പ് എയിൽ സ്കോട്ട്ലന്റും ആയുള്ള മത്സരത്തിനു ഇടയിൽ ബോധരഹിതനായി വീണ ഹംഗേറിയൻ താരം ബർണബാസ് വാർഗയുടെ നില തൃപ്തികരം. മത്സരത്തിൽ 71 മത്തെ മിനിറ്റിൽ ഫ്രീകിക്ക് ഹെഡ് ചെയ്യാനുള്ള ശ്രമത്തിനു ഇടയിൽ ഹംഗേറിയൻ മുന്നേറ്റനിര താരമായ വാർഗ സ്‌കോട്ടിഷ് ഗോൾ കീപ്പർ ആഗ്നസ് ഗണും ആയി കൂട്ടിയിടിച്ച് വീഴുക ആയിരുന്നു. തുടർന്ന് ബോധരഹിതനായി വീണ താരത്തിന് ചുറ്റും ഹംഗേറിയൻ താരങ്ങൾ മതിൽ തീർക്കുക ആയിരുന്നു. കളത്തിലെ വൈദ്യസഹായത്തിനു ശേഷം താരത്തെ സ്ട്രെകച്ചറിൽ എടുത്തു കൊണ്ട് പോവുക ആയിരുന്നു.
സ്ട്രെകച്ചർ വരാൻ വൈകുന്നതിൽ പ്രതിഷേധിക്കുന്ന ഹംഗേറിയൻ താരങ്ങളുടെ മുഖഭാവത്തിൽ തന്നെ താരത്തിന്റെ ഗുരുതരാവസ്ഥ വ്യക്തമായിരുന്നു. മത്സരത്തിൽ നൂറാം മിനിറ്റിൽ നേടിയ വിജയ ഗോൾ ഹംഗേറിയൻ താരങ്ങൾ വാർഗക്ക് ആണ് സമർപ്പിച്ചത്. മത്സര ശേഷം താരത്തിനെ ആശുപത്രിയിൽ എത്തിച്ചത് ആയും നിലവിൽ താരത്തിന് ബോധം വന്നത് ആയും നില തൃപ്തികരം ആണെന്നും ഹംഗേറിയൻ ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചു. നിലവിൽ ആശുപത്രിയിൽ തുടരുന്ന താരത്തിന് എപ്പോൾ ആശുപത്രി വിടാൻ ആവുമെന്ന് ഇപ്പോൾ വ്യക്തമല്ല.