റയൽ മാഡ്രിഡ് വിടുന്ന ഡിഫൻഡർ നാച്ചോ ഫെർണാണ്ടസ് ഇനി സൗദിയിലേക്കോ അമേരിക്കയിലേക്കോ പോകാൻ സാധ്യത. താരം യൂറോപ്പിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ഫ്രീ ഏജന്റായ താരത്തിന് ഇപ്പോൾ സൗദിയിൽ നിന്നും അമേരിക്കയിൽ നിന്നും ഓഫറുകൾ ലഭിച്ചിട്ടുണ്ട്.
റയൽ മാഡ്രിഡ് ക്ലബിൽ കരാർ പുതുക്കില്ല എന്ന് നേരത്തെ അറിയിച്ചിരുന്നു. റയൽ മാഡ്രിഡ് താരത്തിന് പുതിയ കരാർ നൽകാൻ തയ്യാറാണെങ്കിലും നാച്ചോ ക്ലബ് മാനേജ്മെന്റിനോട് താൻ ക്ലബ് വിടാൻ ആഗ്രഹിക്കുന്നു എന്ന് അറിയിക്കുക ആയിരുന്നു. ഈ സീസൺ അവസാനം വരെയാണ് താരത്തിന് കരാർ ഉള്ളത്. നാചോ അവസാന 23 വർഷമായി റയൽ മാഡ്രിഡിനൊപ്പം ഉണ്ട്.
23 വർഷം മുമ്പ് റയൽ മാഡ്രിഡിന്റെ അക്കാദമിയിൽ ചേർന്ന നാച്ചോ 2011 ഏപ്രിലിൽ വലൻസിയയ്ക്കെതിരായ മത്സരത്തിൽ ആയിരുന്നു റയലിനായി സീനിയർ അരങ്ങേറ്റം നടത്തിയത്. അന്ന് മുതൽ സ്ക്വാഡിലെ പ്രധാന താരമാണ് നാചോ.
നാച്ചോ റയൽ മാഡ്രിഡിനായി ഇതുവരെ 300ൽ അധികം കളികൾ കളിച്ചിട്ടുണ്ട്. റയലിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് അടക്കം 24 ട്രോഫികളും താരം നേടി. 33-കാരൻ ചാമ്പ്യൻസ് ലീഗിൽ മാത്രം ഇതുവരെ റയലിനായി 60ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. നാചോ ഇനി അടുത്തതായി ഏത് ക്ലബിൽ കളിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.