മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആഭ്യന്തര ക്രിക്കറ്റിൽ വൈറ്റ് ബോൾ കളിക്കാൻ സമ്മതിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി. അടുത്തിടെ ഹാർദികിന് ഗ്രേഡ് എ സെൻട്രൽ കരാറുകൾ ലഭിച്ചിരുന്നു. കഴിഞ്ഞ സീസണുകളിൽ ഹാർദിക് ആഭ്യന്തര ടൂർണമെന്റുകൾ കളിച്ചിരുന്നില്ല. ഇത് വലിയ വിമർശനങ്ങൾ ഉയരാൻ കാരണമായിരുന്നു.
ഹാർദിക് രഞ്ജി കളിക്കാൻ സാധ്യത ഇല്ല എങ്കിലും മറ്റു ആഭ്യന്തര ടൂർണമെന്റുകളുടെ ഭാഗമാകും. ടെസ്റ്റ് കളിക്കുന്ന താരങ്ങൾ ആണെങ്കിൽ രഞ്ജിയും കളിക്കേണ്ടി വരും. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടക്കുന്ന 2024 ലെ ടി20 ലോകകപ്പിൻ്റെ വരാനിരിക്കുന്ന പതിപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ വൈസ് ക്യാപ്റ്റനാണ് ഹാർദിക്.
ആഭ്യന്തര ക്രിക്കറ്റിൻ്റെയും പ്രാധാന്യം ജയ് ഷാ ഇന്ന് എടുത്തുപറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിൻ്റെ പുതിയ ഘടന ഉടൻ വെളിപ്പെടുത്തുമെന്നും ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ (എൻസിഎ) ഹൈ-പെർഫോമൻസ് സെൻ്റർ ഓഗസ്റ്റ് മുതൽ പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം അറിയിച്ചു. ആഭ്യന്തര താരങ്ങളുടെ ശമ്പള സ്കെയിൽ വർധിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന ബോർഡുകളുടെ കൈയിലായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.