ചെന്നൈയ്ക്കെതിരെ ഐപിഎൽ മത്സരത്തിൽ 191 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. ഒരു ഘട്ടത്തിൽ 200ന് മേലെ റൺസ് ടീം നേടുമെന്ന് തോന്നിപ്പിച്ചുവെങ്കിലും നിര്‍ണ്ണായക വിക്കറ്റുകള്‍ നേടിയ മതീഷ പതിരാനയുടെ പ്രകടനമാണ് ചെന്നൈയ്ക്ക് ഡൽഹിയെ 191 റൺസിൽ പിടിച്ചുകെട്ടാന്‍ സാധ്യമായത്.
9.3 ഓവറിൽ 93 റൺസാണ് പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ നേടിയത്. വാര്‍ണര്‍ 35 പന്തിൽ 52 റൺസ് നേടി പുറത്തായപ്പോള്‍ പൃഥ്വി 27 പന്തിൽ 43 റൺസുമായി പുറത്തായി. ഡേവിഡ് വാര്‍ണറുടെ വിക്കറ്റും മുസ്തഫിസുര്‍ റഹ്മാനാണ് നേടിയത്. വാര്‍ണറെ പുറത്താക്കുന്നതിൽ തകര്‍പ്പന്‍ ക്യാച്ചിലൂടെ പതിരാന പങ്ക് വഹിച്ചിരുന്നു.
ഋഷഭ് പന്ത് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ 12 പന്തിൽ 18 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ മതീഷ പതിരാന പുറത്താക്കി. അതേ ഓവറിൽ ട്രിസ്റ്റന്‍ സ്റ്റബ്സിനെ പുറത്താക്കി പതിരാന ചെന്നൈയുടെ മത്സരത്തിലേക്കുള്ള തിരിച്ചുവരവ് സാധ്യമാക്കി. അത് വരെ റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയ ഋഷഭ് പന്ത് ഗിയര്‍ മാറ്റുന്നതാണ് പിന്നീട് കണ്ടത്.
മുസ്തഫിസുറിനെ ബൗണ്ടറിയും സിക്സും പായിച്ച പന്ത് പതിരാനയെ ഒരു സിക്സിനും രണ്ട് ബൗണ്ടറിയ്ക്കും പായിച്ചുവെങ്കിലും തൊട്ടടുത്ത പന്തിൽ പുറത്തായി. 32 പന്തിൽ 51 റൺസാണ് പന്ത് നേടിയത്. ആദ്യ മൂന്നോവറിൽ 14 റൺസ് മാത്രം വഴങ്ങിയ പതിരാന അവസാന ഓവറിൽ 17 റൺസ് വഴങ്ങിയപ്പോള്‍ നാലോവര്‍ സ്പെല്ലിൽ 31 റൺസ് വഴങ്ങി 3 വിക്കറ്റാണ് നേടിയത്.