ഒന്നാം വിക്കറ്റിൽ പഞ്ചാബ് ഓപ്പണര്‍മാര്‍ 102 റൺസ് നേടിയെങ്കിലും അതിന് ശേഷം ഈ മികവ് തുടരുവാന്‍ സാധിക്കാതെ വന്നപ്പോള്‍ 200 റൺസ് ചേസ് ചെയ്തിറങ്ങിയ പഞ്ചാബിന് 21 റൺസ് തോൽവി. മയാംഗ് യാദവിന്റെ പേസിന് മുന്നിൽ ആദ്യ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ പഞ്ചാബ് 102/0 എന്ന നിലയിൽ നിന്ന് 139/3 എന്ന നിലയിലേക്ക് വീണു. പിന്നീട് മൊഹ്സിന്‍ ഖാന്‍ ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയപ്പോള്‍ പഞ്ചാബ് മത്സരം കൈവിട്ടു. 5 വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബിന് 178 റൺസ് മാത്രമേ നേടാനായുള്ളു.
പവര്‍പ്ലേ അവസാനിക്കുമ്പോള്‍ 61 റൺസ് നേടിയ പഞ്ചാബ് ഓപ്പണര്‍മാര്‍ 10 ഓവറിൽ സ്കോര്‍ ബോര്‍ഡിൽ 98 റൺസ് കൊണ്ടുവന്നു. 12ാം ഓവറിൽ മയാംഗ് യാദവ് ബൈര്‍സ്റ്റോയെ പുറത്താക്കി ലക്നൗവിന് ആദ്യ വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. 29 പന്തിൽ നിന്ന് 42 റൺസായിരുന്നു ബൈര്‍സ്റ്റോയുടെ സംഭാവന.
ഇംപാക്ട് പ്ലേയര്‍ ആയി എത്തിയ പ്രഭ്സിമ്രാന്‍ സിംഗ് 7 പന്തിൽ19 റൺസ് നേടിയെങ്കിലും മയാംഗ് യാദവിന് വിക്കറ്റ് നൽകി താരവും മടങ്ങി. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 64 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. കൈവശം എട്ട് വിക്കറ്റും ഫോമിലുള്ള ശിഖര്‍ ധവാനും ഉള്ളത് ടീമിന് ആത്മവിശ്വാസം നൽകി.
എന്നാൽ മയാംഗ് യാദവ് ജിതേഷ് ശര്‍മ്മയെയും പുറത്താക്കിയപ്പോള്‍ പഞ്ചാബിന് തങ്ങളുടെ മൂന്നാം വിക്കറ്റും നഷ്ടമായി. ശിഖര്‍ ധവാനെയും സാം കറനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കി മൊഹ്സിന്‍ ഖാന്‍ പഞ്ചാബിന്റെ നില കൂടുതൽ പരുങ്ങലിലാക്കി. 50 പന്തിൽ 70 റൺസ് ആയിരുന്നു ശിഖര്‍ ധവാന്റെ സ്കോര്‍.
അവസാന രണ്ടോവറിൽ 48 റൺസ് വേണ്ടിയിരുന്ന പഞ്ചാബിന് ക്രുണാൽ പാണ്ഡ്യ എറിഞ്ഞ 19ാം ഓവറിൽ നിന്ന് വെറും 7 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ അവസാന ഓവറിലെ ലക്ഷ്യം 41 ആയി. നവിന്‍ ഉള്‍ ഹക്കിനെ രണ്ട് സിക്സിനും ഒരു ഫോറിനും ഓവറിലെ ആദ്യ മൂന്ന് പന്തിൽ ലിയാം അതിര്‍ത്തി കടത്തിയെങ്കിലും അടുത്ത മൂന്ന് പന്തിൽ നിന്ന് പഞ്ചാബിന് 2 റൺസ് മാത്രമേ നേടാനായുള്ളു. ഇതോടെ 21 റൺസിന്റെ മികച്ച വിജയം ലക്നൗവിന് സ്വന്തമായി.