സാം കറന്‍ ഈ സീസൺ ഐപിഎലിലെ ആദ്യ അര്‍ദ്ധ ശതകം നേടിയപ്പോള്‍ താരത്തിന് കൂട്ടായി ലിയാം ലിവിംഗ്സ്റ്റണും ഒത്തുചേര്‍ന്നപ്പോള്‍ ഡൽഹിയെ മുട്ടുകുത്തിച്ച് വിജയം കരസ്ഥമാക്കി പഞ്ചാബ് കിംഗ്സ്. 175 റൺസ് വിജയ ലക്ഷ്യം ടീം 19.2 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിലാണ് നേടിയത്.
ശിഖര്‍ ധവാന്‍ ടീമിന് മികച്ച തുടക്കം നൽകി 16 പന്തിൽ 22 റൺസും ജോണി ബൈര്‍സ്റ്റോ 3 പന്തിൽ 9 റൺസും നേടി നിന്നപ്പോള്‍ പവര്‍പ്ലേയിൽ അതിശക്തമായ തുടക്കമാണ് പഞ്ചാബ് നേടിയത്. എന്നാൽ ഒരേ ഓവറിൽ ഇരുവരും പുറത്തായപ്പോള്‍ പഞ്ചാബ് 42/2 എന്ന നിലയിലായി.
പ്രഭ്സിമ്രാന്‍ സിംഗും സാം കറനും ചേര്‍ന്ന് 42 റൺസ് മൂന്നാം വിക്കറ്റിൽ നേടി അതിശക്തമായി പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് 26 റൺസ് നേടി സിംഗിനെ കുൽദീപ് യാദവ് പുറത്താക്കിയത്. പത്തോവര്‍ പിന്നിടുമ്പോള്‍ 87 റൺസായിരുന്നു മൂന്ന് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് നേടിയത്.
ജിതേഷ് ശര്‍മ്മയെ കുൽദീപിന്റെ ഓവറിൽ പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തിൽ 100 റൺസായിരുന്നു പഞ്ചാബിന്റെ അക്കൗണ്ടിൽ. 39 പന്തിൽ നിന്ന് തന്റെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയ സാം കറനും ലിയാം ലിവിംഗ്സ്റ്റണും കരുതലോടെ പഞ്ചാബിനെ മുന്നോട്ട് നയിച്ചപ്പോള്‍ വിജയ ലക്ഷ്യം 4 ഓവറിൽ 39 റൺസായിരുന്നു.
ഖലീൽ അഹമ്മദിനെ ലിയാം ലിവിംഗ്സ്റ്റൺ രണ്ട് ബൗണ്ടറി പായിച്ചപ്പോള്‍ ഓവറിൽ നിന്ന് 11 റൺസാണ് പിറന്നത്. തൊട്ടടുത്ത ഓവറിൽ സാം കറന്‍ മിച്ചൽ മാര്‍ഷിനെ തുടരെയുള്ള പന്തുകളിൽ സിക്സും ബൗണ്ടറിയും പായിച്ചപ്പോള്‍ ഓവറിലെ അവസാന പന്തിൽ ലിയാം ലിവിംഗ്സ്റ്റൺ ഒരു സിക്സ് കൂടി നേടി. ഓവറിൽ നിന്ന് 18 റൺസ് വന്നപ്പോള്‍ അവസാന രണ്ടോവറിൽ 10 റൺസ് മാത്രം പഞ്ചാബിന് നേടേണ്ടതുണ്ടായിരുന്നുള്ളു.
ഖലീൽ അഹമ്മദ് എറിഞ്ഞ 19ാം ഓവറിൽ സാം കറനെയും ശശാങ്ക് സിംഗിനെയും അടുത്തടുത്ത പന്തുകളിൽ പഞ്ചാബിന് നഷ്ടമായത് മത്സരം കൂടുതൽ ആവേശകരമാക്കി. കറന്‍ 47 പന്തിൽ നിന്ന് 63 റൺസ് നേടിയാണ് പുറത്തായത്. 67 റൺസാണ് സാം കറന്‍ – ലിയാം ലിവിംഗ്സ്റ്റൺ കൂട്ടുകെട്ട് അഞ്ചാം വിക്കറ്റിൽ നേടിയത്. അതേ ഓവറിലെ അവസാന പന്തിൽ ഡേവിഡ് വാര്‍ണര്‍ ഹര്‍പ്രീത് ബ്രാറിന്റെ ക്യാച്ച് കൈവിട്ടതോടെ ലക്ഷ്യം അവസാന ഓവറില്‍ 6 റൺസായി മാറി.
സുമിത് കുമാര്‍ അവസാന ഓവറിൽ വൈഡുകളോടെ തുടങ്ങിയപ്പോള്‍ സിക്സര്‍ പറത്തി ലിയാം ലിവിംഗ്റ്റൺ ടീമന്റെ 4 വിക്കറ്റ് വിജയം ഉറപ്പാക്കി. 21 പന്തിൽ പുറത്താകാതെ 38 റൺസാണ് ലിയാം ലിവിംഗ്സ്റ്റൺ നേടിയത്.