ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സ്വന്തം ഹോം ഗ്രൗണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് പരാജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ വെച്ച് ഫുൾഹാമിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ടു ഗോളിനാണ് പരാജയപ്പെട്ടത്. പരിക്ക് കാരണം ഹൊയ്ലുണ്ടും ലൂക് ഷോയും ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് ദയനീയ പ്രകടനമാണ് ഇന്ന് കാഴ്ചവെച്ചത്.
ഇന്ന് തുടക്കം മുതൽ യുണൈറ്റഡ് അലസമായാണ് കളിച്ചത്. അവരുടെ വേഗതയില്ലാത്ത ഫുട്ബോൾ ഫുൾഹാമിന് കാര്യങ്ങൾ എളുപ്പത്തിലാക്കി. കൂടുതൽ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചതും ഗോൾകീപ്പറെ പരീക്ഷിച്ചതും ഫുൾഹാം ആയിരുന്നു.
രണ്ടാം പകുതിയിൽ 65ആം മിനുട്ടിൽ ഫുൾഹാം അവർ അർഹിച്ച ലീഡ് എടുത്തു. കാൽവിൻ ബാസി ആണ് ഫുൾഹാമിന് ലീഡ് നൽകിയത്. യുണൈറ്റഡ് അമദ് ദിയാലോയെ കളത്തിൽ ഇറക്കി നോക്കി. തുടരെ തുടരെ ആക്രമണങ്ങൾ നടത്തിയ മാഞ്ചസ്റ്റർ യുണൈറ്റഡ് 89ആം മിനുട്ടിൽ ഹാരി മഗ്വയറിലൂടെ സമനില ഗോൾ കണ്ടെത്തി. ബ്രൂണോയുടെ ഒരു ഷോട്ട് ഗോളി സേവ് ചെയ്തപ്പോൾ റീബൗണ്ടിലൂടെ മഗ്വയർ ഗോൾ നേടുകയായിരുന്നു.
ഇതിനു ശേഷം ലഭിച്ച 9 മിനുട്ട് ഇഞ്ച്വറി ടൈമിൽ വിജയ ഗോളിനായി യുണൈറ്റഡ് ആഞ്ഞു ശ്രമിച്ചു. പക്ഷെ 97ആം മിനുട്ടിൽ നടത്തിയ അറ്റാക്കിൽ ഫുൾഹാം വിജയ ഗോൾ നേടി. ട്രയോരെ ഒരു റണ്ണിന് ഒടുവിൽ ഇവോബിക്ക് പാസ് നൽകി. ഇവോബിയുടെ ഷോട്ട് നോക്കി നിൽക്കാനെ ഒനാനയ്ക്ക് ആയുള്ളൂ. സ്കോർ 2-1. ഇതിനു ശേഷം ഒരു തിരിച്ചുവരവും സാധ്യമായിരുന്നില്ല.
ഈ തോൽവി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ടോപ് 4 പ്രതീക്ഷകൾക്ക് വൻ തിരിച്ചടിയാണ്. യുണൈറ്റഡ് 44 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുന്നു. ഫുൾഹാം 32 പോയിന്റുമായി 12ആം സ്ഥാനത്ത് നിൽക്കുന്നു.