ഓൾഡ് ട്രാഫോർഡിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ചെൽസിയെ വീഴ്ത്തി കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. സ്കോട് മക്ടോമിനെ ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ ചെൽസിക്ക് വേണ്ടി കോൾ പാമർ ആണ് ആശ്വാസ ഗോൾ നേടിയത്. ഇതോടെ പോയിന്റ് പട്ടികയിൽ യുനൈറ്റഡ് ആറാം സ്ഥാനത്തേക്ക് കയറിയപ്പോൾ ചെൽസി പത്താമത് തുടരുകയാണ്.
യുനൈറ്റഡിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. തുടക്കത്തിൽ തന്നെ ബ്രൂണോയുടെ ലോങ് റേഞ്ച് ശ്രമം പോസ്റ്റിന് മുകളിലൂടെ കടന്ന് പോയി. ഹോയ്ലണ്ടിന്റെ ഷോട്ട് കീപ്പർ തടഞ്ഞു. പിന്നീട് ആന്റണിയെ എൻസോ ഫൗൾ ചെയ്തതിന് റഫറി പെനാൽറ്റി വിധിച്ചു. എന്നാൽ ബ്രൂണോയുടെ ഷോട്ട് കൃത്യമായി തടഞ്ഞു കൊണ്ട് സാഞ്ചസ് ചെൽസിയുടെ രക്ഷകനായി. പിറകെ ഗർനാച്ചോയുടെ റീബൗണ്ടും ലക്ഷ്യം കണ്ടില്ല. നിരവധി അവസരങ്ങൾ പിറന്ന ശേഷം 19ആം മിനിറ്റിൽ മക്ടോമിനെ ഗോൾ വല കുലുക്കി. മാഗ്വയറിന്റെ ഷോട്ട് കുക്കുറെയ്യ ബ്ലോക് ചെയ്തപ്പോൾ അവസരം കാത്തിരുന്ന സ്കോട്ടിഷ് താരം പന്ത് കൃത്യമായി വലയിൽ എത്തിച്ചു. 45ആം മിനിറ്റിൽ എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞു പാമർ തൊടുത്ത ഷോട്ടിലൂടെ ചെൽസി സമനില ഗോൾ കണ്ടെത്തി. ഇതോടെ ആദ്യ പകുതി സമനിലയിൽ പിരിഞ്ഞു.
രണ്ടാം പകുതിയിലും യുണൈറ്റഡിന് തന്നെ ആയിരുന്നു മുൻതൂക്കം. 69ആം മിനിറ്റിൽ ഗർണാച്ചോ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിൽ എത്തിച്ച മക്ടോമിനെ വീണ്ടും യുനൈറ്റഡിന്റെ ലീഡ് തിരിച്ചു പിടിച്ചു. പിന്നീട് റെഗുലിയോണിന്റെ പാസിൽ ഗർണാച്ചോയുടെ ഷോട്ട് പോസ്റ്റിനിരുമി കടന്ന് പോയി. മികച്ച പ്രകടനത്തിനൊടുവിൽ മൂന്ന് പോയിന്റും പോക്കറ്റിൽ ആക്കാൻ യുണൈറ്റഡിന് സാധിച്ചു.