ഇന്ത്യൻ ടീമിനായി തീരുമാനങ്ങൾ ഒരു ജോത്സ്യനെ ബന്ധപ്പെട്ടിരുന്നു എന്ന വാർത്തകൾ നിഷേധിച്ച് ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ സ്റ്റിമാച്. അത്തരം റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്ന് സ്റ്റിമാച് പറഞ്ഞു. ഇന്ത്യ ഏധ്യൻ ഗെയിംസിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിനു ശേഷം സംസാരിക്കുക ആയിരുന്നു സ്റ്റിമാച്. ഇന്ത്യൻ പരിശീലകനായി തുടരണമോ എന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ താൻ തീരുമാനിക്കുമെന്നും ഇഗോർ സ്റ്റിമാച് വ്യക്തമാക്കി.
സ്റ്റിമാച് ഒരു ജോത്സ്യന് സ്റ്റാർട്ടിംഗ് ഇലവനും താരങ്ങളുടെ പരിക്ക് സംബന്ധിച്ച വിവരങ്ങളും ചോർത്തി നൽകി എന്നും ആരോപണം ഉണ്ടായിരുന്നു. “ഞാൻ എന്റെ ജോലിയെ ആണ് ആശ്രയിക്കുന്നത്, എന്റെ അറിവിൽ ഞാൻ വിശ്വസിക്കുന്നു, എന്റെ കളിക്കാർ പരിശീലന ഗ്രൗണ്ടിൽ കാണിക്കുന്നതിനെ ആണ് ഞാൻ വിശ്വസിക്കുന്നത്,” സ്റ്റിമാക് പറഞ്ഞു.
“ഇന്ത്യയിലെ ചില ആളുകൾ എന്റെ എല്ലാ നേട്ടങ്ങളെയും പ്രവർത്തിയെയും തെറ്റായി ചില ആരോപണങ്ങൾ ഉന്നയിച്ച് അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു. ചിലർ ഞങ്ങളോട് ചെയ്യാൻ ശ്രമിക്കുന്നത് ശരിക്കും നാണംകെട്ട പ്രവർത്തിയാണ്.” സ്റ്റിമാച് പറഞ്ഞു
കോച്ചായി തുടരണമോയെന്ന് അടുത്ത 48 മണിക്കൂറിനുള്ളിൽ തീരുമാനിക്കുമെന്നും സ്റ്റിമാച് പറഞ്ഞു. “ഞാൻ എന്താണ് അന്വേഷിക്കുന്നതെന്ന് ഫെഡറേഷന് അറിയാം – ഇത് പണത്തെക്കുറിച്ചല്ല എന്നത് വ്യക്തമാണ്,” അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഏഷ്യ കപ്പ് വരെയാണ് സ്റ്റിമാചിന്റെ കരാർ ഉള്ളത്.