6 വർഷങ്ങൾക്ക് ശേഷം എവർട്ടണിന്റെ മൈതാനത്ത് വിജയം കുറിച്ച് ആഴ്‌സണൽ. എതിരില്ലാത്ത ഒരു ഗോളിന് ആണ് ആഴ്‌സണൽ മത്സരത്തിൽ ജയം കണ്ടത്. ആഴ്‌സണൽ ആധിപത്യം കണ്ട മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ ലിയാൻഡ്രോ ട്രൊസാർഡ് നേടിയ സുന്ദര ഗോളിൽ ആണ് ആഴ്‌സണൽ ജയം കണ്ടത്. ഗോളിന് മുന്നിൽ ഡേവിഡ് റയക്ക് അരങ്ങേറ്റം കുറിച്ച ആർട്ടെറ്റ ഹാവർട്സിന് പകരം വിയേരയെയും ഇറക്കി. സുന്ദര ഫുട്‌ബോൾ കളിച്ച ആഴ്‌സണൽ ആദ്യ പകുതിയിൽ 21 മത്തെ മിനിറ്റിൽ മാർട്ടിനെല്ലിയിലൂടെ മുന്നിൽ എത്തി.
എന്നാൽ വാർ ഈ ഗോൾ ഓഫ് സൈഡ് വിളിച്ചു. തൊട്ടു പിറകെ പരിക്കേറ്റു മാർട്ടിനെല്ലി പുറത്ത് പോയത് ആഴ്‌സണലിന് തിരിച്ചടിയായി. മാർട്ടിനെല്ലിക്ക് പകരക്കാരനായി ആണ് ട്രൊസാർഡ് കളത്തിൽ എത്തിയത്. രണ്ടാം പകുതിയിലും ആക്രമിച്ചു കളിച്ച ആഴ്‌സണലിനെ കോട്ട കെട്ടി പ്രതിരോധിക്കുക ആണ് എവർട്ടൺ ചെയ്തത്. എന്നാൽ പകരക്കാരെ ഇറക്കി ആക്രമണം കൂടുതൽ കടുപ്പിച്ചു ആഴ്‌സണൽ. 69 മത്തെ മിനിറ്റിൽ ഇതിനു ഫലം ഉണ്ടായി. സിഞ്ചെങ്കോ, ഒഡഗാർഡ്, സാക, ട്രൊസാർഡ് എന്നിവർ നടത്തിയ സുന്ദര നീക്കത്തിന് ഒടുവിൽ സാകയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ ബെൽജിയം താരം ആഴ്‌സണലിന് ജയം സമ്മാനിച്ചു.
തുടർന്നും അവസരം ലഭിച്ചെങ്കിലും ആഴ്‌സണലിന് മുതലാക്കാൻ ആയില്ല. അതേസമയം എവർട്ടണിനു ഗോളിൽ ആഴ്‌സണലിന് ആയി അരങ്ങേറ്റം കുറിച്ച ഡേവിഡ് റയയെ വലുതായി പരീക്ഷിക്കാൻ പോലും ആയില്ല. ജയത്തോടെ ആഴ്‌സണൽ നാലാം സ്ഥാനത്തേക്ക് കയറി. തന്റെ മുൻ ക്ലബ് എവർട്ടണിനു എതിരെ ആഴ്‌സണൽ പരിശീലകൻ മിഖേൽ ആർട്ടെറ്റയുടെ ആദ്യ ജയം കൂടിയാണ് ഇത്.