ഫ്രഞ്ച് ലീഗ് 1 ൽ പി.എസ്.ജിക്ക് സീസണിലെ ആദ്യ തോൽവി. സ്വന്തം മൈതാനത്ത് രണ്ടിന് എതിരെ മൂന്നു ഗോളുകൾക്ക് ആണ് പാരീസ് പരാജയം നേരിട്ടത്. പതിഞ്ഞ തുടക്കം ആണ് പി.എസ്.ജിയിൽ നിന്നു ഉണ്ടായത്. 21 മത്തെ മിനിറ്റിൽ പാരീസിനെ ഞെട്ടിച്ചു തരെം മോഫി നീസിന് ആയി ആദ്യ ഗോൾ നേടി. മോഫിയുടെ ശ്രമം പി.എസ്.ജി താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുക ആയിരുന്നു. എംബപ്പെയുടെ പിഴവ് ആണ് ഗോളിൽ കലാശിച്ചത്. 8 മിനിറ്റിനുള്ളിൽ ഹകീമിയുടെ പാസിൽ നിന്നു ഗോൾ നേടിയ എംബപ്പെ പി.എസ്.ജിയെ ഒപ്പം എത്തിച്ചു. രണ്ടാം പകുതിയിൽ കൗണ്ടർ അറ്റാക്കിലൂടെ നീസ് പാരീസിനെ ഞെട്ടിക്കുന്നത് ആണ് കാണാൻ ആയത്.
53 മത്തെ മിനിറ്റിൽ മികച്ച കൗണ്ടർ അറ്റാക്കിൽ മോഫിയുടെ പാസിൽ നിന്നു ഗോൾ നേടിയ ലബോർഡെ നീസിനെ ഒരിക്കൽ കൂടി മുന്നിൽ എത്തിച്ചു. 68 മത്തെ മിനിറ്റിൽ മറ്റൊരു കൗണ്ടർ അറ്റാക്കിൽ നിന്നു ലബോർഡെയുടെ പാസിൽ നിന്നു ഉഗ്രൻ ഷോട്ടിലൂടെ ഗോൾ നേടിയ മോഫി നീസിന്റെ ജയം ഉറപ്പിച്ചു. തന്റെ ജേഴ്സി ഊരിയാണ് താരം ഗോൾ ആഘോഷിച്ചത്. 87 മത്തെ മിനിറ്റിൽ കൊലോ മുആനിയുടെ പാസിൽ നിന്നു അതുഗ്രൻ വോളിയിലൂടെ ക്യാപ്റ്റൻ കൂടിയായ എംബപ്പെ ഒരു ഗോൾ കൂടി മടക്കിയെങ്കിലും പരാജയം ഒഴിവാക്കാൻ പാരീസിന് ആയില്ല. നിലവിൽ പാരീസ് മൂന്നാം സ്ഥാനത്തും നീസ് രണ്ടാം സ്ഥാനത്തും ആണ്.