ഏഴു ഗോളുകൾ കണ്ട ലാ ലീഗയിലെ തകർപ്പൻ മത്സരങ്ങളിൽ ഒന്നിൽ വിയ്യാറയലിനെ കീഴടക്കി എഫ്സി ബാഴ്സലോണ. യുവതാരം ലമീൻ യമാൽ ഒരിക്കൽ കൂടി തന്റെ പ്രതിഭ പുറത്തെടുത്ത മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു സാവിയുടെയും സംഘത്തിന്റെയും വിജയം. ലെവെന്റോവ്സ്കി, ഫെറാൻ ടോറസ്, ഗവി, ഡി യോങ് എന്നിവർ ബാഴ്ടക്കായി ലക്ഷ്യം കണ്ടു. പലപ്പോഴും ലീഗ് ചാംപ്യന്മാരെ കവച്ചു വെക്കുന്ന പ്രകടനം നടത്തിയ വിയ്യാറയലിന് വേണ്ടി സോർലോത്ത്, ഫോയ്ത്, ബയെന എന്നിവരും വല കുലുക്കി
ആദ്യ പകുതിയിൽ ഇരു ടീമുകളും ആക്രമിച്ചു തന്നെ കളിച്ചു. ആദ്യ മിനിറ്റുകളിൽ ബയേനയുടെയും സോർലോത്തിലൂടെയും വിയ്യാറയലിന് അവസരങ്ങൾ ലഭിച്ചു. സോർലോത്ത് വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിധിച്ചു. എന്നാൽ പിന്നീട് ബാഴ്സ മത്സരത്തിലേക്ക് തിരിച്ചു വന്നു. പന്ത്രണ്ടാം മിനിറ്റിൽ ലമീൻ യമാലിന്റെ ക്രോസിൽ നിന്നും ഹെഡർ ഉതിർത്ത് ഗവി സ്കോർ ചെയ്തു. മൂന്ന് മിനിറ്റിനു ശേഷം ബോക്സിനുള്ളിൽ നിന്നും ഡി യോങ് കൂടി വല കുലുക്കിയതോടെ മത്സരം ബാഴ്സയുടെ വഴിക്ക് നീങ്ങുമെന്ന പ്രതീതി സൃഷ്ടിച്ചു. എന്നാൽ വിയ്യാറയൽ വീണ്ടും അവസരങ്ങൾ സൃഷ്ടിക്കാൻ ആരംഭിച്ചു. 26ആം മിനിറ്റിൽ ബയേനയുടെ കോർണറിൽ നിന്നും ഫോയ്ത് ഒരു ഗോൾ മടക്കി. 40ആം മിനിറ്റിൽ ബാഴ്സ ഡിഫെൻസിനെ നോക്കുകുത്തിയായി നിർത്തി വിയ്യാറയൽ നടത്തിയ മികച്ചൊരു നീക്കത്തിനൊടുവിൽ സോർലോത്ത് വല കുലുക്കിയതോടെ ആദ്യ പകുതി തുല്യ നിലയിൽ അവസാനിച്ചു. റ്റെർ സ്റ്റഗന്റെ കരങ്ങൾ ആണ് ബാഴ്സയെ കൂടുതൽ ഗോൾ വഴങ്ങാതെ കാത്തത്.
രണ്ടാം പകുതിയിലും വിയ്യാറയൽ ആക്രമണം തുടർന്നു. 49ആം മിനിറ്റിൽ ഒരിക്കൽ കൂടി ബാഴ്സ ഡിഫെൻസിന്റെ പിഴവുകൾ തുറന്നു കാണിച്ച നീക്കത്തിൽ ബയേന വിയ്യാറയലിന് ലീഡ് നൽകി. ഇതോടെ സമനില ഗോളിന് ബാഴ്സ ഗോളിനായി സമ്മർദ്ദം ചെലുത്തി. ലമീൻ യമാലിന്റെ ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചപ്പോൾ ലെവെന്റോവ്സ്കിയുടേ ശ്രമം കീപ്പർ തടഞ്ഞു. മർക്കോസ് അലോൺസോയുടെ ശക്തിയേറിയ ഷോട്ടും കീപ്പർ തടഞ്ഞിട്ടു. 68ആം മിനിറ്റിൽ ഫെറാൻ ടോറസ് വല കുലുക്കി. മൂന്ന് മിനിറ്റിനു ശേഷം ലമീൻ യമാൽ മികച്ചൊരു നീകത്തിനൊടുവിൽ തൊടുത്ത ഷോട്ട് കീപ്പർ തടഞ്ഞിട്ടപ്പോൾ കൃത്യമായി ഇടപെട്ട് ലെവെന്റോവ്സ്കി ബാഴ്സയുടെ ലീഡ് തിരിച്ചു പിടിച്ചു. പിന്നീട് ഫാറ്റികും ലെവെന്റോവ്കിക്കും ലഭിച്ച അവസരങ്ങൾ ലക്ഷ്യം കാണാൻ ആയില്ല. അവസാന നിമിഷങ്ങളിൽ വിയ്യാറയൽ പരമാവധി ശ്രമിച്ചെങ്കിലും സമനില ഗോൾ മാത്രം അകന്ന് നിന്നു.