ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ ട്രിപ്പിൾ ജംപിൽ നാലാം തവണയും സ്വർണം നേടി വെനസ്വേലൻ താരം യൂലിമർ റൊഹാസ്. കരിയറിൽ തന്നെ ഏറ്റവും കടുത്ത പോരാട്ടം ആണ് ഇതിഹാസ താരം ഇത്തവണ നേരിട്ടത്. എന്നാൽ തന്റെ അവസാന ചാട്ടത്തിൽ 15.08 മീറ്റർ ചാടിയ റൊഹാസ് നാലാം തവണയും ലോക ചാമ്പ്യൻ ആവുക ആയിരുന്നു. വനിത ട്രിപ്പിൾ ജംപിൽ തന്റെ അവിശ്വസനീയ ആധിപത്യം താരം ഒന്നു കൂടി ഇന്ന് ഉറപ്പിച്ചു.
15.00 മീറ്റർ ചാടിയ യുക്രെയ്ൻ താരം ബെക്-റൊമാൻചുക് വെള്ളി മെഡൽ നേടിയപ്പോൾ 14.96 മീറ്റർ ചാടിയ ക്യൂബയുടെ ലെയാനിസ് ഫെർണാണ്ടസ് വെങ്കലം നേടി. അതേസമയം വനിതകളുടെ ജാവലിൻ ത്രോയിൽ സ്വർണം സ്വന്തമാക്കി ജപ്പാന്റെ ഹറുക കിറ്റഗുചി. 66.73 മീറ്റർ ദൂരം എറിഞ്ഞാണ് ജാവലിനിൽ ലോക ചാമ്പ്യൻ ആവുന്ന ആദ്യ ജപ്പാൻ താരമായി അവർ മാറിയത്. തന്റെ അവസാന ശ്രമത്തിൽ ആണ് ജപ്പാനീസ് താരം സ്വർണം ഉറപ്പിച്ചത്. 65.47 മീറ്റർ എറിഞ്ഞ കൊളംബിയയുടെ ഫ്ലോർ ഡെന്നിസ് റൂയിസ് വെള്ളി മെഡൽ നേടിയപ്പോൾ 63.38 മീറ്റർ ദൂരം എറിഞ്ഞ ഓസ്ട്രേലിയയുടെ മകെൻസി ലിറ്റിൽ വെങ്കല മെഡൽ നേടി.