മൊറോക്കൻ താരം എസ് ആബ്ദേക്ക് വേണ്ടി ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ വിടില്ലെന്ന് ഉറപ്പാവുന്നു. താരത്തിന് വേണ്ടിയുള്ള ഓഫറുകൾ തള്ളിയ ബാഴ്സ, ആബ്ദേ ടീമിൽ തുടരുമെന്ന് താരത്തിന് ഉറപ്പു നൽകിയതായി വിവിധ സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താരത്തെ നിലനിർത്താനുള്ള ടീമിന്റെ മുൻ തീരുമാനത്തിൽ ഒരു മാറ്റവും വന്നിട്ടില്ലെന്ന് ഫാബ്രിസിയോ റൊമാനോയും സൂചിപ്പിച്ചു. നാലിൽ കൂടുതൽ ടീമുകൾ ഓഫറുമായി ബാഴ്സയെ സമീപിച്ചിരുന്നതായും റൊമാനോ സൂചിപ്പിച്ചു. ഇതോടെ ബാഴ്സ മുന്നേറ്റത്തിൽ ആബ്ദേക്ക് അവസരം ലഭിക്കുമെന്നും ഉറപ്പാവുകയാണ്.
അതേ സമയം താരത്തിന്റെ ഏജന്റ് ക്ലബ്ബിൽ നേരിട്ടെത്തി ആബ്ദെയുടെ ഭാവിയെ കുറിച്ചു ചർച്ച നടത്തിയതായി മുണ്ടോ ഡിപോർടിവോ റിപ്പോർട്ട് ചെയ്യുന്നു. ഫാറ്റി, ഫെറാൻ ടോറസ്, ആബ്ദെ എന്നിവരിൽ ഒരാൾ ടീം വിട്ടേക്കും എന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടെയാണിത്. എന്നാൽ സാവിയുടെ കൂടി തീരുമാന പ്രകാരം ആബ്ദേക്ക് ടീമിൽ തുടരാൻ സാധിക്കും. ബയേർ ലെവർകൂസൻ, ആസ്റ്റൻ വില്ല, ഒസാസുന ടീമുകൾ താരത്തിന് വേണ്ടി നീക്കം നടത്തിയിരുന്നു. മുൻപ് ആബ്ദെ ലോണിൽ കളിച്ചിരുന്ന ഒസാസുനക്ക് വീണ്ടും താരത്തെ ലോണിൽ എത്തിക്കാൻ ആയിരുന്നു താൽപര്യം. ഇത് കഴിഞ്ഞ ദിവസം ടീം കോച്ച് വെളിപ്പെടുത്തുകയും ചെയ്തു. എന്നാൽ ഡെമ്പലെ ടീം വിട്ട സാഹചര്യത്തിൽ വേഗതയും ഡ്രിബ്ലിങ് പാടവവും കൈമുതലായുള്ള ആബ്ദെക്ക് സാവി കൂടുതൽ അവസരം നൽകുമെന്ന് ഉറപ്പാണ്.
Download the Fanport app now!