ബ്രൈറ്റണിന്റെ 21 കാരനായ ഇക്വഡോർ മധ്യനിര താരം മോയിസസ് കൈസെദോ ചെൽസിയിൽ ചേരും. കഴിഞ്ഞ ദിവസങ്ങളിലെ നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് താരം ചെൽസിയിൽ ചേരുന്ന കാര്യം ഉറപ്പായത്. നേരത്തെ 111 മില്യൺ പൗണ്ട് മുന്നോട്ട് വെച്ച ലിവർപൂളും ആയി ബ്രൈറ്റൺ ധാരണയിൽ എത്തിയെങ്കിലും താരം ചെൽസിയിൽ ചേരാൻ താൽപ്പര്യം കാണിച്ചതോടെ അവർ പിന്മാറുക ആയിരുന്നു. ഇതിനു ശേഷമാണ് നിലവിൽ ചെൽസി ബ്രൈറ്റണിനു മുന്നിൽ 115 മില്യൺ പൗണ്ടിന്റെ ബ്രിട്ടീഷ് റെക്കോർഡ് തുക മുന്നോട്ട് വെച്ചത്. ഇത് അവർ സ്വീകരിക്കും.
മെയ് മുതൽ താരവും ആയി വ്യക്തിഗത കരാർ ധാരണയിൽ ചെൽസി എത്തിയിരുന്നു. കൈസെദോ ആയി 2031 വരെയുള്ള 8 വർഷത്തെ കരാർ ആണ് ചെൽസിയിൽ ഒപ്പ് വെക്കുക എന്നാണ് റിപ്പോർട്ട്. ഇത് ഒരു വർഷത്തേക്ക് കൂടെ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. നാളത്തെ ലിവർപൂൾ മത്സരത്തിന് മുമ്പ് താരത്തെ ഔദ്യോഗികമായി ചെൽസി പ്രഖ്യാപിച്ചേക്കും എന്നാണ് സൂചന. നിലവിൽ ലിവർപൂൾ, ചെൽസി ബന്ധം അത്ര നല്ല നിലയിൽ അല്ല. കഴിഞ്ഞ സീസണിൽ ബ്രൈറ്റണിൽ മികച്ച പ്രകടനം നടത്തിയ താരം ലോകകപ്പിലും മികവ് കാണിച്ചിരുന്നു. എന്നാൽ താരത്തിന് ആയി ഇത്രയും വലിയ തുക വാങ്ങിക്കാൻ ആവുന്നത് ബ്രൈറ്റണിനു വലിയ വിജയം തന്നെയാണ്. ടോഡ് ബോഹ്ലി ഏറ്റെടുത്ത ശേഷം തുടർച്ചയായ രണ്ടാം ട്രാൻസ്ഫർ വിപണിയിലും ചെൽസി താരങ്ങൾക്ക് ആയി പണം വാരി എറിയുകയാണ്.