പ്രീ സീസണിൽ അമേരിക്കയിൽ വച്ചു നടന്ന മത്സരത്തിൽ ബാഴ്‌സലോണയെ മൂന്നിനെതിരെ അഞ്ചു ഗോളുകൾക്ക് തോൽപ്പിച്ചു ആഴ്‌സണൽ. ആഴ്‌സണലിന് ട്രാഫിക്ക് ബ്ലോക്ക് കാരണം സമയത്ത് എത്താൻ ആവാത്തതിനാൽ വൈകിയാണ് കളി തുടങ്ങാൻ ആയത്. ഇരു ടീമുകളും വാശിയോടെ കളിച്ച മത്സരത്തിൽ ഏഴാം മിനിറ്റിൽ കൗണ്ടറിൽ നിന്നു റോബർട്ട് ലെവൻഡോസ്കിയിലൂടെ ബാഴ്‌സ ആണ് മുന്നിലെത്തിയത്. 13 മത്തെ മിനിറ്റിൽ മികച്ച നീക്കത്തിന് ഒടുവിൽ ബുകയോ സാക ആഴ്‌സണലിന് സമനില നൽകി. 23 മത്തെ മിനിറ്റിൽ ഹാന്റ് ബോളിന് ആഴ്‌സണലിന് ലഭിച്ച പെനാൽട്ടി പക്ഷെ സാക പുറത്തേക്ക് അടിച്ചു.
34 മത്തെ മിനിറ്റിൽ റഫീഞ്ഞോയുടെ ഫ്രീകിക്ക് ആഴ്‌സണൽ താരങ്ങളുടെ ദേഹത്ത് തട്ടി വലയിൽ എത്തിയതോടെ ബാഴ്‌സ വീണ്ടും മുന്നിലെത്തി. 43 മത്തെ മിനിറ്റിൽ സാക നടത്തിയ മികച്ച നീക്കത്തിന് ഒടുവിൽ മാർട്ടിൻ ഒഡഗാർഡിന്റെ പാസിൽ നിന്നു ഗോൾ നേടിയ കായ് ഹാവർട്സ് ആഴ്‌സണലിനെ ഒരിക്കൽ കൂടി മത്സരത്തിൽ ഒപ്പം എത്തിച്ചു. കൂടുതൽ മാറ്റങ്ങൾ കണ്ട രണ്ടാം പകുതിയിലും ആക്രമണ ഫുട്‌ബോൾ ആണ് കാണാൻ ആയത്. റാംസ്ഡേൽ നൽകിയ ലോങ് ബോളിൽ നിന്നു 55 മത്തെ മിനിറ്റിൽ ട്രൊസാർഡ് ആഴ്‌സണലിനെ ആദ്യമായി മത്സരത്തിൽ ഒപ്പം എത്തിച്ചു.
മികച്ച ഇടത് കാലൻ അടിയിലൂടെ ആണ് ബെൽജിയം താരം ഗോൾ കണ്ടത്തിയത്. 78 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ടിയേർണിയുടെ മികച്ച പാസിൽ നിന്നു വീണ്ടുമൊരു മികച്ച ഗോളിലൂടെ ട്രൊസാർഡ് ആഴ്‌സണലിന് നാലാം ഗോളും സമ്മാനിച്ചു. ഇടക്ക് ഡെമ്പെലയുടെയും ബാൽഡയുടെയും ശ്രമങ്ങൾ പോസ്റ്റിലും ബാറിലും തട്ടി മടങ്ങി. 88 മത്തെ മിനിറ്റിൽ ഡെമ്പെലയുടെ പാസിൽ നിന്നു ഫെറാൻ ടോറസ് ബാഴ്‌സക്ക് ആയി ഒരു ഗോൾ മടക്കി. പകരക്കാരനായി ഇറങ്ങിയ ഹോൾഡിങ് വരുത്തിയ പിഴവ് ആണ് ഈ ഗോളിന് വഴി വച്ചത്. എന്നാൽ അടുത്ത മിനിറ്റിൽ തന്നെ ബോക്സിനു പുറത്ത് നിന്ന് ഉഗ്രൻ ഷോട്ടിലൂടെ ഗോൾ കണ്ടത്തിയ പകരക്കാരനായി ഇറങ്ങിയ ഫാബിയോ വിയേര ആഴ്‌സണലിന്റെ മികച്ച ജയം ഉറപ്പിച്ചു.