ഇന്ത്യ അവരുടെ രണ്ടാം ഇന്നിങ്സ് 181-2 എന്ന നികയിൽ ഡിക്ലയർ ചെയ്തു. 365 റൺസിന്റെ വിജയ ലക്ഷ്യമാണ് ഇന്ത്യ ഇപ്പോൾ വെസ്റ്റിൻഡീസിന് മുന്നിൽ വെച്ചിരിക്കുന്നത്. ഇന്ന് ഇനിയും 39 ഓവറുകൾ ബാക്കിയുണ്ട്. ഒപ്പം നാളെ ഒരു ദിവസവും ഇന്ത്യയുടെ മുന്നിൽ ഉണ്ട്. ഈ സമയം കൊണ്ട് വെസ്റ്റിൻഡീസിനെ എറിഞ്ഞിടാൻ ആകും എന്ന് ഇന്ത്യ വിശ്വസിക്കുന്നു.
രണ്ടാം ഇന്നിങ്സിൽ രോഹിതിന്റെയും ഇഷൻ കിഷന്റെയും അർധ സെഞ്ച്വറികൾ ആണ് ഇന്ത്യക്ക് കരുത്തായത്. ആക്രമിച്ചു കളിച്ച ഇന്ത്യൻ ഓപ്പണർമാർ ആദ്യ 12 ഓവറിൽ 98 റൺസ് അടിച്ചു. 98-1 എന്ന നിലയിൽ ഇരിക്കെ മഴ വന്നതിനാൽ കളി നേരത്തെ ലഞ്ചിനു പിരിഞ്ഞു. അർധ സെഞ്ച്വറി നേടിയ രോഹിതിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ലഞ്ചിനു നഷ്ടമായത്. രോഹിത് 44 പന്തിൽ നിന്ന് 57 റൺസ് എടുത്തു.
കളി പുനരാരംഭിച്ചപ്പോൾ 30 പന്തിൽ നിന്ന് 38 റൺസ് എടുത്ത ജയ്സ്വാളും പുറത്തായി. പിന്നെ ആയിരുന്നു ഇഷൻ കിഷന്റെ വെടിക്കെട്ട്. താരം 34 പന്തിൽ നിന്ന് 52 റൺസുമായി പുറത്താകാതെ നിന്നു. ഇഷൻ കിഷന്റെ ആദ്യ ടെസ്റ്റ് അർധ സെഞ്ച്വറിയാണിത്. 29 റണ്ണുമായി ഗില്ലും പുറത്താകാതെ നിന്നു. 24 ഓവറിൽ 181-2 എന്നുള്ളപ്പോൾ ആണ് രോഹിത് ഡിക്ലയർ ചെയ്തത്.
ഇന്ന് സിറാജിന്റെ 5 വിക്കറ്റ് പ്രകടനത്തിന്റെ ബലത്തിൽ വെസ്റ്റിൻഡീസിനെ 255 റൺസിനാണ് ഇന്ത്യ ആദ്യ ഇന്നിങ്സിൽ പുറത്താക്കിയത്. ഇന്ത്യ നേരത്തെ ആദ്യ ഇന്നിംഗ്സിൽ 438 റൺസ് നേടിയിരുന്നു.