എഫ്സി ബാഴ്‌സലോണയുടെ അടുത്ത സീസണിലേക്കുള്ള ഹോം കിറ്റ് ആരാധകർക്ക് മുൻപിലേക്ക് എത്തി. ക്ലബ്ബിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് കിറ്റ് അനാവരണം ചെയ്തത്. നൈക്കി തന്നെ നിർമിക്കുന്ന ജേഴ്‌സി, ബാഴ്‌സയുടെ തനത് നിറങ്ങളിലും ക്ലാസിക്ക് ഡിസൈനിലും തന്നെയാണ് ഒരുക്കിയിരിക്കുന്നത്. സ്പോൺസർമാരുടെ പേരുകൾ വെള്ള നിറത്തിൽ ആലേഖനം ചെയ്യും.
മുൻ ഭാഗത്ത് മുഖ്യ ജേഴ്‌സി സ്പോൺസർ ആയ സ്പോട്ടിഫൈയും ബാഴ്‍സയുടെ എംബ്ലവും നൈക്കിയുടെ ചിഹ്നവും ഉണ്ടാവും. സ്ലീവിൽ ലാ ലീഗയുടെ പുതിയ ലോഗോ ആണ് ഉണ്ടാവുക. പുരുഷ ടീമിന്റെ മറ്റൊരു സ്ലീവിൽ ആമ്പിലൈറ്റ്ടിവിയുടെ പേരും ഉണ്ടാകും. പിൻഭാഗത്ത് UNHCR ലോഗോയും പതിവ് പോലെ ഉണ്ടായിരിക്കുന്നതാണ്. ബാഴ്‌സ ലോഗോയിൽ ചേർത്തിരിക്കുന്ന ഡയമണ്ട് ചിഹ്നമാണ് ഇത്തവണത്തെ ജേഴ്‌സിയുടെ പ്രത്യേക ആകർഷണം. വനിതാ ടീമിനെ ആദരിക്കുന്നതിന്റെ ഭാഗമായി ചേർത്ത ഈ ചിഹ്നം ടീമിന്റെ ആദ്യത്തെ വനിതാ ടീം സ്ഥാപകരെ സൂചിപ്പിക്കുന്നു. അടുത്ത വരങ്ങൾ മുതൽ ജേഴ്‌സി സ്റ്റോറുകൾ ലഭ്യമായി തുടങ്ങും.