തീരുമാനം വളരെ പെട്ടെന്ന് എടുത്തത്, ഗ്രീനിന്റെ ക്യാച്ചിനെക്കുറിച്ച് രോഹിത്

Sports Correspondent

ശുഭ്മന്‍ ഗില്ലിനെ പുറത്താക്കുവാന്‍ കാമറൺ ഗ്രീന്‍ നടത്തിയ വിവാദ ക്യാച്ചിനെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. അധികം പരിശോധനകളില്ലാതെ വേഗത്തിൽ തീരുമാനം എടുത്തത് പോലെയാണ് തോന്നിയതെന്നാണ് രോഹിത് ശര്‍മ്മ പറഞ്ഞത്. തേര്‍ഡ് അമ്പയര്‍ കൂടുതൽ ആവര്‍ത്തി ക്യാച്ച് പരിശോധിക്കണമായിരുന്നുവെന്നും അതിന് ശേഷം മാത്രമായിരുന്നു തീരുമാനത്തിലെത്തേണ്ടിയിരുന്നതെന്നും രോഹിത് വ്യക്തമാക്കി.

മത്സരത്തിന്റെ നാലാം ദിവസം 18 റൺസിൽ നിൽക്കുമ്പോള്‍ ഗള്ളിയിലാണ് സ്കോട്ട് ബോളണ്ടിന്റെ പന്തിൽ ഗിൽ ക്യാച്ച് നൽകുന്നത്. ശുഭ്മന്‍ ഗില്ലും രോഹിത് ശര്‍മ്മയും തീരുമാനത്തിൽ നീരസം പ്രകടിപ്പിച്ചിരുന്നു. ഗില്ലാകട്ടേ സോഷ്യൽ മീഡിയയിൽ വിവാദ ക്യാച്ചിന്റെ ചിത്രവും പങ്കുവെച്ചു. പിന്നീട് മത്സരത്തിൽ 209 റൺസ് തോൽവിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്.