കരിയറിൽ മൂന്നാം തവണയും ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തി പോളണ്ട് താരവും ലോക ഒന്നാം നമ്പർ താരവുമായ ഇഗ സ്വിറ്റെക്. തുടർച്ചയായ രണ്ടാം വർഷമാണ് ഇഗ ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുന്നത്. 2007 നു ശേഷം ആദ്യമായി ആണ് ഒരു വനിത താരം ഫ്രഞ്ച് ഓപ്പൺ കിരീടം നിലനിർത്തുന്നത്. കരിയറിലെ നാലാം ഗ്രാന്റ് സ്ലാം കിരീടം ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്. 2 മണിക്കൂർ 47 മിനിറ്റ് നീണ്ട മൂന്നു സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് സീഡ് ചെയ്യാത്ത ചെക് റിപ്പബ്ലിക് താരം കരോളിന മുകോവയെ തോൽപ്പിച്ചത്.
വളരെ മികച്ച തുടക്കം ആണ് മത്സരത്തിൽ ഇഗക്ക് ലഭിച്ചത്. 2 തവണ എതിരാളിയെ ബ്രേക്ക് ചെയ്ത ഇഗ ആദ്യ സെറ്റ് അനായാസം 6-2 നു നേടി. രണ്ടാം സെറ്റിലും നല്ല തുടക്കം ആണ് ഇഗക്ക് ലഭിച്ചത്. എന്നാൽ ബ്രേക്ക് വഴങ്ങിയ ശേഷം ബ്രേക്ക് നേടി മത്സരത്തിലേക്ക് തിരിച്ചു വരുന്ന മുകോവയെ ആണ് രണ്ടാം സെറ്റിൽ കാണാൻ ആയത്. പിന്നീട് ബ്രേക്ക് ഒരിക്കൽ കൂടി വഴങ്ങിയ ഇഗ ബ്രേക്ക് തിരിച്ചു പിടിച്ചു എങ്കിലും ഒരിക്കൽ കൂടി ബ്രേക്ക് നേടിയ മുകോവ സെറ്റ് 7-5 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ തുടക്കത്തിൽ തന്നെ മുകോവ ഇഗയുടെ സർവീസ് ബ്രേക്ക് ചെയ്തു.
എന്നാൽ ഒരിക്കൽ കൂടി ഇഗ ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്നും ഇഗയുടെ സർവീസ് ബ്രേക്ക് ചെയ്യാൻ ചെക് താരത്തിന് ആയെങ്കിലും ഇഗ ഒരിക്കൽ കൂടി ബ്രേക്ക് തിരിച്ചു പിടിച്ചു. തുടർന്ന് സർവീസ് നിലനിർത്തിയ ഇഗ മുകോവയുടെ സർവീസിൽ 2 ബ്രേക്ക്/മാച്ച് പോയിന്റുകൾ സൃഷ്ടിച്ചു. അവസാന സർവീസിൽ സർവീസ് ഇരട്ട പിഴവ് വരുത്തിയ മുകോവ സെറ്റ് 6-4 നു കൈവിട്ടതോടെ ഇഗ തുടർച്ചയായ രണ്ടാം ഫ്രഞ്ച് ഓപ്പൺ കിരീടം ഉയർത്തുക ആയിരുന്നു. മത്സരത്തിൽ 5 സർവീസ് ബ്രേക്ക് വഴങ്ങിയ ഇഗ ചെക് താരത്തിന്റെ സർവീസ് 7 തവണയാണ് ബ്രേക്ക് ചെയ്തത്. ഈ മികവ് വരുന്ന ഗ്രാന്റ് സ്ലാമുകളിൽ നിലനിർത്താൻ ആവും ഇഗ ശ്രമിക്കുക. ഫ്രഞ്ച് ഓപ്പണിന് ഒപ്പം ലോക ഒന്നാം നമ്പർ സ്ഥാനവും ഇഗ നിലനിർത്തി.