സൂപ്പർ താരങ്ങളെ എത്തിക്കുന്നതിൽ വിജയിച്ചു കൊണ്ടിരിക്കുന്ന സൗദി അറേബ്യൻ ക്ലബ്ബുകൾ അടുത്തതായി ഉന്നം വെക്കുന്നത് തന്ത്രശാലികളായ പരിശീലകരെ. യുവന്റസ് കോച്ച് മസിമിലിയാനോ അല്ലഗ്രിക്ക് വേണ്ടി സൗദി നീക്കങ്ങൾ തുടങ്ങിയതായി ഇറ്റാലിയൻ മാധ്യമമായ ല ഗസെറ്റെ റിപ്പോർട്ട് ചെയ്യുന്നു. ഓഫറുമായി എത്തിയ സൗദി പ്രതിനിധികൾ അദ്ദേഹവുമായി വരുന്ന മണിക്കൂറുകളിൽ ചർച്ച നടത്തുമെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ സൂചിപ്പിക്കുന്നു. നേരത്തെ റയൽ മാഡ്രിഡിന്റെ ഓഫർ വരെ നിരസിച്ച് യുവന്റസിലേക്കുള്ള തന്റെ മടങ്ങി വരവിന് കാത്തിരുന്ന അല്ലഗ്രി സൗദിയുമായി ചർച്ച നടത്തുന്നത് ശക്തമായ അഭ്യൂഹങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്.
യുവന്റസുമായി രണ്ടു വർഷത്തെ കരാർ അല്ലഗ്രിക്ക് ബാക്കിയുണ്ട്. എന്നാൽ അദ്ദേഹം ടീം വിടാൻ ഉദ്ദേശിച്ചാൽ യുവന്റസ് തടയില്ല. അൽ-നാസർ, അൽ-ഹിലാൽ ടീമുകൾ ആണ് നിലവിൽ കോച്ചിന് പിറകെ ഓഫറുമായി എത്തിയിരിക്കുന്നത്. എന്നാൽ അല്ലഗ്രി യുവന്റസിൽ തന്നെ തുടരുമെന്ന് അദ്ദേഹത്തിന്റെ ഏജന്റ് ആയ ബ്രാൻഷിനി സ്കൈ സ്പോർട്സിനോട് പറഞ്ഞു. “വലുതായിട്ടൊന്നും സംഭവിക്കാൻ പോകുന്നില്ല. അല്ലഗ്രി യുവന്റസിൽ തന്നെ തുടരും”, അദ്ദേഹം പറഞ്ഞു. ടീം സിഈഓ സ്കനാവിനോയും കഴിഞ്ഞ താരം അല്ലഗ്രി ടീമിൽ തുടരുമെന്ന് ആവർത്തിച്ചിരുന്നു. അതേ സമയം അന്റോണിയോ കൊന്റെ, ഐഗോർ ട്യുഡോർ എന്നിവരെ അല്ലഗ്രിക്ക് പകരക്കാരായി യുവന്റസ് കണ്ടു വെച്ചിട്ടുണ്ടെന്ന് ലാ ഗസെറ്റ റിപോർട്ടിൽ ചൂണ്ടിക്കാണിച്ചു. അല്ലഗ്രി ടീം വിടുകയാണെങ്കിൽ ഇതിൽ ഒരാളെ പുതിയ കോച്ച് ആയി ഉടൻ നിയമിക്കും. അദ്ദേഹം അൽ – നാസറിന്റെ ചുമതലയാണ് ഏറ്റെടുക്കുന്നതെങ്കിൽ ഒരിക്കൽ കൂടി റൊണാൾഡോ അല്ലഗ്രിക്ക് കീഴിൽ പന്ത് തട്ടുന്നതും ആരാധകർക്ക് കാണാം.
Download the Fanport app now!