ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾസിൽ കിരീടം നേടി ജപ്പാനീസ്, ജർമ്മൻ സഖ്യമായ മിയു കറ്റോ, ടിം പുറ്റ്സ് സഖ്യം. കനേഡിയൻ, ന്യൂസിലാൻഡ് സഖ്യമായ ബിയാങ്ക ആന്ദ്രീസ്കു, മൈക്കിൾ വീനസ് സഖ്യത്തെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് അവർ തോൽപ്പിച്ചത്. ഇരുവരുടെയും കരിയറിലെ ആദ്യ ഗ്രാന്റ് സ്ലാം കിരീടനേട്ടവും ആണ് ഇത്. മത്സരത്തിൽ ആദ്യ സെറ്റ് 6-4 നു നഷ്ടമായ ശേഷം അതേ നാണയത്തിൽ തന്നെ ജർമ്മൻ, ജപ്പാനീസ് സഖ്യം തിരിച്ചടിച്ചു.
മത്സരത്തിൽ 2 ബ്രേക്ക് വഴങ്ങിയ അവർ 2 തവണ എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്യുകയും ചെയ്തു. തുടർന്ന് സൂപ്പർ ടൈബ്രേക്കിൽ 10-6 നു ജയം കണ്ടാണ് ജർമ്മൻ, ജപ്പാനീസ് സഖ്യം കിരീടം സ്വന്തമാക്കിയത്. സീഡ് ചെയ്യാത്ത ടീമുകൾ തമ്മിൽ മികച്ച പോരാട്ടം ആണ് ഫൈനലിൽ കണ്ടത്. വനിത ഡബിൾസിൽ ബോൾ ഗേളിനു താൻ അടിച്ച പന്ത് അബദ്ധത്തിൽ കൊണ്ടതിനാൽ പങ്കാളിക്ക് ഒപ്പം അയോഗ്യത നേരിട്ടു കണ്ണീരോടെ കളം വിട്ട ജപ്പാനീസ് താരം മിയു കറ്റോവിനു ഇത് മധുരപ്രതികാരം ആയി. വലിയ വിവാദം ആണ് ഈ അയോഗ്യത ടെന്നീസ് ലോകത്ത് സൃഷ്ടിച്ചത്.